സൗദി-കേരള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

സൗദി-കേരള ടിക്കറ്റ് നിരക്ക്  ഇരട്ടിയാക്കി എയര്‍ ഇന്ത്യ
Published on

കൊറോണാ വൈറസ് വ്യാപകമായതോടെ പശ്ചിമേഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിന് ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കിയെത്തിക്കാന്‍ ജൂണ്‍ 10 മുതല്‍ തുടങ്ങാനിരിക്കുന്ന വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ടത്തില്‍ എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. സൗദി - കേരള സെക്ടറില്‍ ചാര്‍ജ് ഇരട്ടിയോളമാക്കിയപ്പോള്‍ മറ്റ് ചില സെക്ടറില്‍ നാമമാത്രമാണു വര്‍ധന.

ദമാമില്‍നിന്നും റിയാദില്‍നിന്നും ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്ക് 900--950 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. ഇത് ഇരട്ടിയാക്കി. ഇപ്പോള്‍ ദമാം-കണ്ണൂര്‍ സെക്ടറില്‍ ടിക്കറ്റ് നിരക്ക് 1,703  റിയാലാക്കി (33,635 രൂപ). കൊച്ചിയിലേക്ക് 1,170 റിയാല്‍.ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1,700 റിയാലും കോഴിക്കോട്ടേക്ക് 1,750 റിയാലുമാണ് നിരക്ക്. റിയാദില്‍നിന്ന് കണ്ണൂരിലേക്ക് 1350 റിയാലും.

സൗദി അറേബ്യ-കേരള മേഖലയിലെ വിമാന നിരക്ക് വര്‍ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തര്‍-കേരള മേഖലയില്‍ വിമാനനിരക്കില്‍ നേരിയ വര്‍ധനവേയുള്ളൂ. വണ്‍വേ വിമാന നിരക്ക് 766 റിയാലില്‍ നിന്ന് 780 റിയാലിലേക്ക് ഉയര്‍ന്നു.അതേസമയം,  മൂന്നാം ഘട്ടത്തില്‍ പശ്ചിമേഷ്യയില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 107 വിമാന സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഇന്ത്യയെപ്പോലെ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടില്ല. ആറ് മുതല്‍ ഏഴ് വരെ എഇഡി (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ദിര്‍ഹാം) മാത്രമേ കൂട്ടിയിട്ടുള്ളൂ.

ജൂണ്‍ 10 മുതല്‍ 16 വരെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് സൗദിയില്‍നിന്ന് 11 വിമാന സര്‍വീസാണുള്ളത്. ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് പാവപ്പെട്ട പ്രവാസികള്‍ക്ക് വന്‍ ആഘാതമായി.സീസണില്‍പോലും വാങ്ങാതിരുന്ന നിരക്കാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൗദി സെക്ടറില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com