വിമാന ഷെഡ്യൂളുകൾ തകരാറിലാകും, ക്യാബിൻ ക്രൂ നിയമങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും

വിമാനക്കമ്പനികളുടെ ദീർഘകാല വളർച്ചയെയും ആഗോള മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കും
air india
Air India facebook.com/AirIndia
Published on

ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും അടങ്ങുന്ന സംഘടന ക്യബിൻ ക്രൂ അംഗങ്ങൾക്കായി നിർദേശിച്ചിട്ടുള്ള പുതിയ 'ക്ഷീണ പരിപാലന നിയമങ്ങൾ' (Fatigue management rules) ലഘൂകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നത് വിമാന ഷെഡ്യൂളുകളെ സാരമായി തടസപ്പെടുത്തുമെന്നും വിമാനക്കമ്പനികളുടെ ദീർഘകാല വളർച്ചയെയും ആഗോള മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) ഡിജിസിഎയ്ക്ക് (DGCA) നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി.

പ്രധാന നിർദ്ദേശങ്ങളും ആശങ്കകളും

പുതിയ നിയമങ്ങൾ പ്രകാരം ക്യാബിൻ ക്രൂ അംഗങ്ങളുടെ കുറഞ്ഞ പ്രതിവാര വിശ്രമ സമയം നിലവിലെ 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർദ്ധിപ്പിക്കണം. കൂടാതെ, രാത്രികാല വിമാന സർവീസുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ലേ ഓവർ (Layover) സമയത്ത് ഓരോ ജീവനക്കാരനും പ്രത്യേക ഹോട്ടൽ മുറി നൽകണമെന്നും വ്യവസ്ഥയുണ്ട്. ഈ ഹോട്ടൽ നിബന്ധന അന്താരാഷ്ട്ര തലത്തിൽ നിർബന്ധമല്ലെന്നും, പല വിമാനത്താവളങ്ങളിലും ഹോട്ടലുകളുടെ ലഭ്യതക്കുറവ് മൂലം ജീവനക്കാരെ ദൂരെയുള്ള സ്ഥലങ്ങളിൽ താമസിപ്പിക്കേണ്ടി വരുമെന്നും ഇത് പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമാണ് എയർലൈനുകളുടെ നിലപാട്.

പൈലറ്റുമാരുടെ പുതിയ നിയമങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ പാളിച്ചകൾ കാരണം 2025 ഡിസംബറിൽ ഇൻഡിഗോയ്ക്ക് ഏകദേശം 4,500 സർവീസുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് എയർലൈനുകളുടെ ഈ നീക്കം. സുരക്ഷ വർദ്ധിപ്പിക്കുകയാണ് നിയമങ്ങളുടെ ലക്ഷ്യമെങ്കിലും, പല വ്യവസ്ഥകളും ആഗോള മാനദണ്ഡങ്ങളേക്കാൾ കർശനമാണെന്ന് എഫ്.ഐ.എ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പുതിയ മാനദണ്ഡങ്ങൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കാനും അവ ഘട്ടം ഘട്ടമായി (Phased manner) നടപ്പിലാക്കാനുമാണ് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നത്.

Air India and IndiGo seek relaxation in new cabin crew fatigue rules, warning of flight disruptions and operational challenges.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com