നഷ്ടം ₹15,000 കോടി കടന്നേക്കും; എയര്‍ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന വര്‍ഷമോ? ഇന്‍ഡിഗോയ്ക്കും ലാഭത്തില്‍ ഇടിവ്

അപ്രതീക്ഷിത സംഭവങ്ങള്‍ എയര്‍ഇന്ത്യയുടെ വരുമാന പ്രതീക്ഷകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലെ ഏറ്റവും വലിയ നഷ്ടമാകുമെന്ന ആശങ്കയും ഉയരുന്നു.
നഷ്ടം ₹15,000 കോടി കടന്നേക്കും; എയര്‍ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന വര്‍ഷമോ? ഇന്‍ഡിഗോയ്ക്കും ലാഭത്തില്‍ ഇടിവ്
Published on

എയര്‍ഇന്ത്യ എക്‌സ്പ്രസ് ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന നഷ്ടം 15,000 കോടി രൂപയ്ക്ക് മുകളിലാണെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് വിമാന ദുരന്തവും ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്ന് വ്യോമപാത അടച്ചതുമെല്ലാം എയര്‍ ഇന്ത്യയെ വലിയതോതില്‍ ബാധിച്ചു. ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് എയര്‍ഇന്ത്യയെ ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും വലിയ നഷ്ടകണക്കാകും ഇത്തവണത്തേത്.

ഈ സാമ്പത്തികവര്‍ഷം പ്രവര്‍ത്തനലാഭത്തിലേക്ക് എത്തുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. അപ്രതീക്ഷിത സംഭവങ്ങള്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെയും എയര്‍ഇന്ത്യയെയും പിടിച്ചുകുലുക്കിയതാണ് പ്രതീക്ഷകള്‍ തകിടംമറിക്കാന്‍ ഇടയാക്കിയത്.

സംഘര്‍ഷത്തെതുടര്‍ന്ന് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചത് ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രദൂരം വര്‍ധിപ്പിച്ചു. യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രസമയം വര്‍ധിച്ചത് ചെലവ് കുത്തനെ കൂടുന്നതിന് ഇടയാക്കി. ഇതും ചെലവ് പ്രതീക്ഷകള്‍ക്കപ്പുറം വര്‍ധിക്കാന്‍ വഴിയൊരുക്കി.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാംവര്‍ഷത്തില്‍ മാത്രമേ കമ്പനി ലാഭത്തിലെത്തുകയുള്ളുവെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ച് മാനേജ്‌മെന്റ് സമര്‍പ്പിച്ച അഞ്ചു വര്‍ഷ പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ് മടക്കിയിട്ടുണ്ട്. കൂടുതല്‍ വേഗത്തില്‍ ലാഭത്തിലെത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്കുകയും ചെയ്തു.

മൂന്നുവര്‍ഷത്തെ നഷ്ടം 32,210 കോടി

കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് എയര്‍ഇന്ത്യ നേരിടേണ്ടി വന്ന നഷ്ടം 32,210 കോടി രൂപയാണ്. നഷ്ടം കുമിഞ്ഞു കൂടുന്നത് ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല പങ്കാളികളായ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെയും ബാധിക്കുന്നുണ്ട്. സംയുക്ത സംരംഭത്തില്‍ 25.1 ശതമാനം ഓഹരി പങ്കാളിത്തം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുണ്ട്. സിഇഒ സ്ഥാനത്ത് കാംപെല്‍ വില്‍സന് പകരക്കാരനായുള്ള തിരച്ചിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

ഇന്ത്യന്‍ വ്യോമയാന രംഗത്ത് വലിയ മത്സരങ്ങളില്ലെങ്കിലും കമ്പനികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അടുത്തിടെ സര്‍വീസുകള്‍ താളംതെറ്റിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 22.2 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു.

ഇന്‍ഡിഗോയ്ക്ക് വലിയ തിരിച്ചടി

മൂന്നാംപാദത്തില്‍ ഇന്‍ഡിഗോയ്ക്കും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ലാഭം ഇടിഞ്ഞത് 77.6 ശതമാനമാണ്. മുന്‍വര്‍ഷം സമാനപാദത്തില്‍ 2,448.8 കോടി രൂപയായിരുന്നു ലാഭം. ഇത് 549.8 കോടി രൂപയായി താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com