

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയുടെ ($2.3 billion) റെക്കോർഡ് വാർഷിക നഷ്ടം നേരിട്ടതിന് പിന്നാലെ, അനാവശ്യ ചെലവുകൾ ഒഴിവാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനുമായി എയർ ഇന്ത്യയും (Air India) എയർ ഇന്ത്യ എക്സ്പ്രസും (Air India Express) തമ്മിൽ ലയിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി കമ്പനിയുടെ നിയുക്ത സിഇഒ ടെവോൾഡെ (Tewolde). വ്യത്യസ്ത ഓപ്പറേറ്റിംഗ് പെർമിറ്റുകളുമായി രണ്ട് എയർലൈൻ കമ്പനികൾ പ്രവർത്തിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിവിധ വകുപ്പുകളിലെ മാനേജർമാരുമായി നടത്തിയ യോഗങ്ങളിൽ ചോദ്യമുന്നയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരൊറ്റ വിമാനക്കമ്പനി ഗ്രൂപ്പായി മാറുന്നത് റെഗുലേറ്ററി ആവശ്യകതകൾ കുറയ്ക്കുമെന്നും മാനേജർമാർ, എഞ്ചിനീയർമാർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവരുടെ ഇരട്ടിപ്പ് ഒഴിവാക്കി സാമ്പത്തിക ബാധ്യത ഗണ്യമായി വെട്ടിക്കുറയ്ക്കാൻ സഹായിക്കുമെന്നും 61-കാരനായ ടെവോൾഡെ ചൂണ്ടിക്കാണിക്കുന്നു. ലയനം നടപ്പിലായാലും എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ ബ്രാൻഡ് നാമം നിലനിർത്തും. എന്നാൽ ഈ പദ്ധതി നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് നടപ്പിലാക്കാൻ സൂപ്പർവൈസറി ബോർഡിന്റെ അംഗീകാരം ആവശ്യമാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
എത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പിനെ ആഫ്രിക്കയിലെ ഏറ്റവും വലിയ ലാഭകരമായ വിമാനക്കമ്പനിയാക്കി മാറ്റിയ മികച്ച പാരമ്പര്യം മുൻനിർത്തിയാണ് ടെവോൾഡെയെ എയർ ഇന്ത്യയുടെ തലപ്പത്തേക്ക് തിരഞ്ഞെടുത്തത്. മാതൃ കമ്പനിയായ ടാറ്റ സൺസിൽ ചെയർമാന്റെ കാലാവധി നീട്ടിനൽകുന്നതിനെച്ചൊല്ലിയുള്ള അധികാര തർക്കങ്ങളും പബ്ലിക് ലിസ്റ്റിംഗിനായുള്ള നിയന്ത്രണ ഏജൻസികളുടെ സമ്മർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നത് ഏറെ നിർണായകമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine