ഹൈദരാബാദ് മട്ടന്‍ ബിരിയാണിയും അവധി ചിക്കന്‍ ബിരിയാണിയും...എയര്‍ ഇന്ത്യ എക്‌സ്പ്രസ് മെന്യുവില്‍
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ 'ഗൊര്‍മേര്‍' (Gourmair) എന്ന പുത്തന്‍ ഭക്ഷണ മെന്യു അനുസരിച്ചുളള വിഭവങ്ങള്‍ വിളമ്പിതുടങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിക്കാന്‍ തയ്യാറെടുക്കുന്ന എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലും ഇതേ മെന്യു അനുസരിച്ചുളള വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിവിധ വിഭവങ്ങള്‍
രാജ്യത്ത് നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ ഷെഫ് മത്സര വിജയി കീര്‍ത്തി ഭൗട്ടിക തയ്യാറാക്കിയ രണ്ട് സിഗ്‌നേച്ചര്‍ വിഭവങ്ങളുള്‍പ്പടെ 19 വിഭവങ്ങളാണ് ഗൊര്‍മേറിന്റെ ആകര്‍ഷണം. ഹൈദരാബാദി മട്ടണ്‍ ബിരിയാണി, അവധി ചിക്കന്‍ ബിരിയാണി, തേങ്ങച്ചോറില്‍ തയ്യാറാക്കിയ വീഗന്‍ മൊയ്‌ലി കറി, മിനി ഇഡ്‌ലി, മേദു വട തുടങ്ങി തദ്ദേശിയ വിഭവങ്ങളും ഉത്തരേന്ത്യന്‍ വിഭവങ്ങളും ഫ്യൂഷന്‍ വിഭവങ്ങളും എല്ലാം ചേര്‍ന്നതാണ് പുതിയ മെന്യു.
താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്‌സ്, കസിനോ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പതിനാറ് വന്‍കിട ഫ്‌ളൈറ്റ് കിച്ചണുകളേയും ദുബൈ, ഷാര്‍ജ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളേയുമാണ് വിഭവങ്ങള്‍ തയ്യാറാക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ കിച്ചണുകള്‍
തിരുവനന്തപുരത്ത് ഉദയസമുദ്രയില്‍ നിന്നാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. കൊച്ചിയില്‍ ലുലു ഫ്‌ളൈറ്റ് കിച്ചണ്‍. കോഴിക്കോട്ടും കണ്ണൂരും കസിനോ ഗ്രൂപ്പാണ് വിഭവങ്ങള്‍ ഒരുക്കുക. ഈ നാല് വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീ സുകള്‍ നടത്തുന്നതും എയര്‍ ഇന്ത്യ എക്‌സ്പ്രസ് തന്നെ. ആഴ്ചയില്‍ 350ല്‍ അധികം നേരിട്ടുളള വിമാന സര്‍വീസുകളാണ് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിനുളളത്.
ഭക്ഷണം ബുക്ക് ചെയ്യാം
ഗള്‍ഫിലേക്കും സിംഗപ്പൂരിലേക്കും യാത്രചെയ്യുന്നവര്‍ക്ക് യാത്രപുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ airindiaexpress.com സന്ദര്‍ശിച്ച് ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ആഭ്യന്തര സര്‍വീസുകളില്‍ 12 മണിക്കൂര്‍ മുമ്പ് വരെ ഭക്ഷണം ബുക്ക് ചെയ്യാം. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് വിമാനത്തില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സാധിക്കുന്ന മുപ്പതോളം ഭക്ഷണ പാനീയങ്ങളുമുണ്ട്. ജൂലൈ അഞ്ച് വരെയുളള ദിവസങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രാരംഭ ആനുകൂല്യമായി 50 ശതമാനം വിലക്കുറവില്‍ ഗൊര്‍മേര്‍ വിഭവങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.