Begin typing your search above and press return to search.
വിസ്താര പ്രശ്‌നങ്ങളുടെ 'ആകാശക്കടലില്‍'; പൈലറ്റുമാര്‍ക്ക് പിന്തുണയുമായി എയര്‍ ഇന്ത്യ ജീവനക്കാരും
പൈലറ്റുമാരുടെ അഭാവത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായ വിസ്താര എയര്‍ലൈന്‍സ് കൂടുതല്‍ പ്രതിരോധത്തിലേക്ക്. വിസ്താരയിലെ പൈലറ്റുമാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി എയര്‍ ഇന്ത്യ പൈലറ്റുമാരും രംഗത്തെത്തിയതോടെയാണിത്.
വ്യാഴാഴ്ച്ച 20 വിസ്താര സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതോടെ ആകെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 147 ആയി ഉയര്‍ന്നു. സര്‍വീസുകള്‍ മുന്നറിയില്ലാതെ റദ്ദാക്കുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വിസ്താരയ്‌ക്കെതിരേ പലരും പരസ്യമായി രംഗത്തു വന്നത് കമ്പനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
സര്‍വീസുകള്‍ ഉപേക്ഷിക്കുന്ന കാര്യം അവസാന നിമിഷം മാത്രമാണ് തങ്ങളെ അറിയിക്കുന്നതെന്നും പകരം സംവിധാനം ഏര്‍പ്പെടുത്താനോ കൃത്യമായി ആശയവിനിമയം നടത്താനോ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. നിലവിലെ ശമ്പളം കുറയ്ക്കാനുള്ള മാനേജ്‌മെന്റ് നീക്കമാണ് പൈലറ്റുമാരുടെ നിസഹകരണത്തില്‍ കലാശിച്ചിരിക്കുന്നത്.
അതിനിടെ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ നിസഹകരണം തുടരുന്ന പൈലറ്റുമാരുമായി ബുധനാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പൈലറ്റുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഈ ആഴ്ച്ചയോടെ കാര്യങ്ങള്‍ പഴയപടിയാക്കുമെന്നും അദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
ഇടപെട്ട് എയര്‍ ഇന്ത്യ പൈലറ്റ്‌സ് സംഘടനകളും
ഇതിനിടെയാണ് വിസ്താരയിലെ പൈലറ്റുമാര്‍ക്ക് പിന്തുണയുമായി എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ രണ്ട് സംഘടനകളും രംഗത്തു വന്നത്. ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡും (ബോയിംഗ് പൈലറ്റ് അസോസിയേഷന്‍), ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് ഗില്‍ഡും (എയര്‍ബസ് പൈലറ്റ്‌സ് യൂണിയന്‍) ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് കത്തയച്ചു. ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇരു സംഘടനകളുടെയും നിലപാട്.
വിസ്താര പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ പലതും അവസാനിപ്പിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്താതെയായിരുന്നു പുതിയ പരിഷ്‌കാരം. പുതിയ ശമ്പളഘടന സംബന്ധിച്ച് വിസ്താര എയര്‍ലൈന്‍സ് പൈലറ്റുമാരെ ഇ-മെയില്‍ മുഖാന്തരം അറിയിക്കുകയും ഇത് അംഗീകരിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതാണ് പൈലറ്റുമാരെ പ്രകോപിപ്പിച്ചത്.
കേന്ദ്രം നിരീക്ഷിക്കുന്നു
അതേസമയം, വിസ്താരയിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വിമാനം റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച് വിസ്താരയോട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റിപ്പോര്‍ട്ട് തേടി. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം പരിഹരിക്കാന്‍ വിസ്താര സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങളും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അസൗകര്യം ഒഴിവാക്കുന്നതിന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട ശേഷം വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ വിസ്താര യാത്രക്കാര്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്.
Next Story
Videos