ചാറ്റ്ജിപിടി സേവനം ഉപയോഗിക്കാൻ എയര്‍ ഇന്ത്യയും

എഐ (Artificial intelligence) ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പായ ജിപിടി4 (GPT4) ഉപയോഗിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത് ഉപയോഗിക്കുന്നതെന്ന് സിഎപിഎ ഇന്ത്യ ഏവിയേഷന്‍ ഉച്ചകോടി 2023 ല്‍ അദ്ദേഹം വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വളര്‍ച്ചയുടെ പാതയിലേക്ക്

നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയുടെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിയെ സുസ്ഥിരമായ വളര്‍ച്ചയുടെയും ലാഭത്തിന്റെയും വിപണി നേതൃത്വത്തിന്റെയും പാതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സ്വീകരിച്ച് പോരുന്നത്.

ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ 470 പുതിയ വിമാനങ്ങള്‍ വാങ്ങന്‍ തീരുമാനിച്ചു. തുടര്‍ന്ന് കമ്പനി 210 എ3 നിയോ വിമാനങ്ങളും 40 എ350എസ് വിമാനങ്ങളും ഉള്‍പ്പടെ 250 വിമാനങ്ങള്‍ എയര്‍ബസില്‍ നിന്നും വാങ്ങാനുള്ള കാരാറിലേര്‍പ്പെട്ടു. 500 കോടി ഡോളറിന്റെ ഇടപാട്.ഇത് കൂടാതെ 4200 ക്യാബിന്‍ ക്രൂ, 900 പൈലറ്റ് എന്നിവരെ പുതുതായി നിയമിക്കുമെന്നും കമ്പനി ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.

മാത്രമല്ല കമ്പനിയുടെ മെച്ചപ്പെട്ട വളര്‍ച്ചക്കായി ജീവനക്കര്‍ക്ക് രണ്ട് തവണ സ്വയം വിരമിക്കല്‍ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു. ഇതിനെല്ലാം പിന്നാലെയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചാറ്റ്ജിപിടിയുടെ ജിപിടി4 ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്. ജിപിടി 4 നിലവിലെ ജിപിടി 3.5നേക്കാള്‍ കൂടുതല്‍ മികച്ചതും കാര്യശേഷിയുള്ളതുമായ പതിപ്പാണ്.

മറ്റ് ചിലരും ചാറ്റ്ജിപിടിക്ക് പിന്നാലെ

ഇതിനകം തന്നെ അമേരിക്കന്‍ പേയ്മെന്റ് പ്രോസസ്സിംഗ് സംവിധാനമായ സ്‌ട്രൈപ്പും മോര്‍ഗന്‍ സ്റ്റാന്‍ലിയും ജിപിടി4 ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ മോട്ടോഴ്സ് ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളും ഇത് ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ചാറ്റ്ജിപിടിയുടെ വരവ്

കഴിഞ്ഞ നവംബര്‍ 30ന് ആണ് ലോകത്തെ ഞെട്ടിച്ച് ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി പുറത്തിറങ്ങിയത്. അതിവേഗം ഇത് ജനശ്രദ്ധയാകര്‍ഷിച്ചു. ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നു. പിന്നാലെ ചാറ്റ്ജിപിടിക്ക് ബദല്‍ എന്ന നിലയില്‍ ഗൂഗിളിന്റെ ബാര്‍ഡ് എത്തി. ശേഷം മൈക്രോസോഫ്റ്റും ഈ രംഗത്തെത്തി. ചാറ്റ്ജിപിടിയുടെ പണമടച്ചുള്ള പുതിയ പ്രീമിയം പതിപ്പായ 'ചാറ്റ്ജിപിടി പ്ലസ്' ഇന്ത്യയില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു.


Related Articles
Next Story
Videos
Share it