ഇന്ത്യയുടെ ആകാശത്ത് ഇന്‍ഡിഗോയുടെ മുന്നേറ്റം

ആഭ്യന്തര വ്യോമയാന രംഗത്ത് വിപണിവിഹിതം ഉയര്‍ത്തി ഇന്‍ഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 2022-23ലെ ജനുവരി-മാര്‍ച്ചില്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 53.8 ശതമാനത്തില്‍ നിന്ന് 55.7 ശതമാനമായാണ് വിപണിവിഹിതം മെച്ചപ്പെടുത്തിയത്. മറ്റ് കമ്പനികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്‍ഡിഗോയുടെ വിഹിതം.

രണ്ടാംസ്ഥാനത്തുള്ള സ്‌പൈസ്‌ജെറ്റിന്റെ വിപണിവിഹിതം 10.2 ശതമാനത്തില്‍ നിന്ന് 6.9 ശതമാനത്തിലേക്ക് ഇടിഞ്ഞു. മൂന്നാമതുള്ള എയര്‍ ഇന്ത്യയുടേത് 9.9 ശതമാനമായിരുന്നത് 9 ശതമാനമായി. ഗോ ഫസ്റ്റിന്റെ വിഹിതം 9.8ല്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. വിസ്താരയുടെ വിഹിതത്തില്‍ മാറ്റമില്ല (8.8 ശതമാനം).
കളംപിടിച്ച് ആകാശ എയറും
നേരത്തെ എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായിരുന്ന അലയന്‍സ് എയറിന്റെ വിപണിവിഹിതം 1.4ല്‍ നിന്ന് 1.1 ശതമാനമായി താഴ്ന്നു. എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ കരാറില്‍ അലയന്‍സ് എയറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അലയന്‍സ് എയറിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്.
എയര്‍ ഏഷ്യ ഇന്ത്യ 5.8ല്‍ നിന്ന് 7.3 ശതമാനത്തിലേക്ക് വിപണിവിഹിതം മെച്ചപ്പെടുത്തി. 2022 ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച പുത്തന്‍ കമ്പനിയായ ആകാശ എയര്‍ ജനുവരി-മാര്‍ച്ചില്‍ മൂന്ന് ശതമാനം വിപണിവിഹിതം സ്വന്തമാക്കിയിട്ടുണ്ട്.
ആകാശയാത്രയ്ക്ക് നല്ല തിരക്ക്
ജനുവരി-മാര്‍ച്ചില്‍ 3.75 കോടിപ്പേരാണ് ആഭ്യന്തര വിമാനങ്ങളില്‍ യാത്ര നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വ്യക്തമാക്കി. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 51 ശതമാനമാണ് വര്‍ദ്ധന. മാര്‍ച്ചില്‍ മാത്രം യാത്രക്കാരുടെ എണ്ണത്തില്‍ 21.41 ശതമാനം വളര്‍ച്ചയുണ്ട്. ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക് മാര്‍ച്ചില്‍ 0.28 ശതമാനം മാത്രമായിരുന്നു.
Related Articles
Next Story
Videos
Share it