ശമ്പള പരിഷ്‌കരണത്തില്‍ ജീവനക്കാരുടെ അതൃപ്തി നിലനില്‍ക്കേ 1,000 പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പൈലറ്റുമാരെ നിയമിക്കാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ. ക്യാപ്റ്റന്‍മാരും പരിശീലകരും ഉള്‍പ്പെടെ 1,000-ല്‍ അധികം പൈലറ്റുമാരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 1,800 ല്‍ അധികം പൈലറ്റുമാര്‍ എയര്‍ ഇന്ത്യയ്ക്കുണ്ട്. ബോയിംഗ്, എയര്‍ബസ് എന്നിവയില്‍ നിന്ന് 470 വിമാനങ്ങള്‍ക്ക് കമ്പനി കരാര്‍ നല്‍കിയിരുന്നു.

ഏറ്റവും പുതിയ എയര്‍ബസ് കരാറില്‍ 210 A320/321 Neo/XLR, 40 A350-900/1000 എന്നിവ ഉള്‍പ്പെടുന്നു. 190 737-മാക്‌സ്, 20 787s, 10 777s എന്നിവ ഉള്‍പ്പെടുന്നതാണ് ബോയിംഗുമായുള്ള കരാര്‍. ഈ ഓര്‍ഡറിന് പിന്നാലെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.

ശമ്പള- ആനുകൂല്യ പദ്ധതിയില്‍ അതൃപ്തി

അടുത്തിടെ എയര്‍ ഇന്ത്യ തങ്ങളുടെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനുമായി പരിഷ്‌കരിച്ച ശമ്പള-ആനുകൂല്യ പദ്ധതികളില്‍ നിലവിലുള്ള ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് പൈലറ്റ് യൂണിയനുകളായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ), ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് (ഐ.പി.ജി) എന്നിവ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ രത്തന്‍ ടാറ്റയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് കൂടുതല്‍ പൈലറ്റുമാരുടെ നിയമനം എന്ന എയര്‍ ഇന്ത്യയുടെ പുതിയ നീക്കം.

മുന്നില്‍ ലയനം

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എ.ഐ.എക്‌സ് കണക്ട്, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള സംയുക്ത സംരംഭമായ വിസ്താര എന്നീ നാല് എയര്‍ലൈനുകളാണുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എ.ഐ.എക്‌സ് കണക്റ്റ്, വിസ്താര എന്നിവയെ എയര്‍ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.

Related Articles
Next Story
Videos
Share it