എയർബസ് എ320 സോഫ്റ്റ്‌വെയർ തകരാർ: ഇന്ത്യയിലും ആഗോളതലത്തിലും ആയിരക്കണക്കിന് വിമാനങ്ങൾക്ക് സർവീസ് തടസം

യൂറോപ്യൻ യൂണിയൻ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി നിർദ്ദേശപ്രകാരം മാറ്റങ്ങൾ വരുത്തുന്നതുവരെ എയർബസ് A320 വിഭാഗത്തില്‍ പെട്ട വിമാനങ്ങൾ പറത്തരുതെന്ന് ഡിജിസിഎ
air india
Air India facebook.com/AirIndia
Published on

ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിൽ വലിയ തടസങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ ഒരു സോഫ്റ്റ്‌വെയർ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർബസ് എ320 കുടുംബത്തിൽപ്പെട്ട വിമാനങ്ങൾക്ക് സാങ്കേതിക നിർദ്ദേശവുമായി കമ്പനി. ഈ വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ഉടനടി നടത്താനാണ് യൂറോപ്പ് ആസ്ഥാനമായുള്ള എയർബസ് ആവശ്യപ്പെട്ടിരിക്കുന്നത്. എയർബസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളികളിൽ ഒന്നാണിത്.

വിമാനത്തിന്റെ ഫ്ലൈറ്റ്-കൺട്രോൾ സംവിധാനങ്ങൾക്ക് അത്യന്താപേക്ഷിതമായ വിവരങ്ങളെ തകരാറിലാക്കാൻ സാധ്യതയുള്ള "തീവ്രമായ സൗരവികിരണ"വുമായി (intense solar radiation) ബന്ധപ്പെട്ട അപകടസാധ്യതയാണ് അടുത്തിടെയുണ്ടായ ഒരപകടത്തെ തുടർന്ന് കണ്ടെത്തിയത്. ഈ നിർദ്ദേശത്തെ തുടർന്ന് ലോകമെമ്പാടുമുള്ള ഏകദേശം 6,000 എ320 വിമാനങ്ങളിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും.

മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളുടെ 350-ൽ അധികം എ320 വിമാനങ്ങളാണ് ഈ പ്രശ്നം കാരണം നിലത്തിറക്കേണ്ടി വരുന്നത്. യൂറോപ്യൻ യൂണിയൻ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) നിർദ്ദേശപ്രകാരം മാറ്റങ്ങൾ വരുത്തുന്നതുവരെ എയർബസ് A320 വിഭാഗത്തില്‍ പെട്ട വിമാനങ്ങൾ പറത്തരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.

എയർബസ് A318, A319, A320, A321 വിമാനങ്ങൾക്കാണ് ഡിജിസിഎ സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചത്. അപ്‌ഡേറ്റ് നടപടികൾക്കായി ഈ വിമാനങ്ങൾ രണ്ടോ മൂന്നോ ദിവസത്തേക്ക് സർവീസ് നിർത്തിവെയ്ക്കും. തിങ്കൾ അല്ലെങ്കിൽ ചൊവ്വാഴ്ചയോടെ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തങ്ങളുടെ വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ/ഹാർഡ്‌വെയർ റീഅലൈൻമെന്റ് ആവശ്യമുണ്ടെന്ന് അറിയിക്കുകയും അപ്‌ഡേറ്റ് നടക്കുന്നതിനാൽ കൂടുതൽ സമയമെടുക്കാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്നും എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. സുരക്ഷക്കാണ് പ്രഥമ സ്ഥാനം എന്ന് വ്യക്തമാക്കിയ ഇൻഡിഗോയും അപ്‌ഡേറ്റ് നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അപ്‌ഡേറ്റ് പൂർത്തിയാക്കാതെ സര്‍വീസ് ഇല്ല

തകരാർ പരിഹരിക്കുന്നത് ലളിതമാണെന്നും പ്രധാനമായും പഴയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് മടങ്ങുന്നതാണ് പരിഹാരമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ അപ്‌ഡേറ്റ് പൂർത്തിയാക്കാതെ വിമാനങ്ങൾക്ക് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ കഴിയില്ല. അറ്റകുറ്റപ്പണികളുടെയും എഞ്ചിൻ പരിശോധനകളുടെയും കാലതാമസവും തൊഴിലാളി ക്ഷാമവും കാരണം നിലവിൽ സമ്മർദ്ദത്തിലായിരിക്കുന്ന വ്യോമയാന മേഖലക്ക് ഈ വലിയ തിരിച്ചുവിളി കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Airbus A320 software glitch grounds over 6,000 aircraft globally, including 350+ in India, impacting airline operations.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com