ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 1.1-1.3 ലക്ഷം കോടി രൂപയുടെ നഷ്ട സാധ്യതയെന്ന് ക്രിസില്‍

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 1.1-1.3 ലക്ഷം കോടി രൂപയുടെ നഷ്ട സാധ്യതയെന്ന് ക്രിസില്‍
Published on

കൊറോണ വൈറസ് മഹാവ്യാധി മൂലം വന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വ്യോമയാന ബിസിനസ് മേഖലയ്ക്കുണ്ടാകുന്ന വരുമാനനഷ്ടം 1.1-1.3 ട്രില്യണ്‍ രൂപയുടേതാകുമെന്ന് ക്രിസില്‍ റിസേര്‍ച്ച് റിപ്പോര്‍ട്ട്.ലോകമെമ്പാടുമുള്ള വ്യോമയാന വ്യവസായത്തെ മഹാവ്യാധി അതിഗുരുതരമായാണ് ബാധിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത കാലത്തൊന്നും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വളര്‍ച്ചയില്‍ ഇരട്ട അക്ക വര്‍ദ്ധനവ് പ്രതീക്ഷിക്കാനാകില്ലാത്തതിനാല്‍ ഈ നഷ്ടം നികത്താന്‍ സാധ്യതയില്ലെന്ന് ക്രിസില്‍ റിസര്‍ച്ച് അറിയിച്ചു.2021 സാമ്പത്തിക വര്‍ഷത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 38-42 ഡോളറായി കുറഞ്ഞത് അപ്രതീക്ഷിതമായാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ബാരലിന് 64-66 ഡോളറായിരുന്നു വില. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് 30 -45 ശതമാനം കുറയാന്‍ ഇടയാക്കുന്ന വിലയിടിവാണിതെങ്കിലും സര്‍വീസുകള്‍ നിലച്ചതുമൂലം ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കമ്പേനികള്‍ക്കു കാര്യമായി കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, പ്രതിസന്ധി മറികടക്കാന്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ സ്ഥിരം ജീവനക്കാരോട് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള അവധിയില്‍ പോകാനുള്ള നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യയുടെ നീക്കം.  അഞ്ച് വര്‍ഷം വരെ നീട്ടാനാവുന്ന തരത്തിലാകും ഈ അവധി നല്‍കുന്നത്. ജൂലൈ ഏഴിന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ 102-ാം യോഗത്തിലാണ് അവധി പദ്ധതി അംഗീകരിച്ചത്.ജീവനക്കാര്‍ക്ക് ജൂലൈ 14 ന് ഇതു സംബന്ധിച്ച നോട്ടീസ് നല്‍കി. ആറ് മാസം വരെയുള്ള അവധിയോ, രണ്ട് വര്‍ഷം വരെയുള്ള അവധിയോ ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം. രണ്ടിലേതായാലും അഞ്ച് വര്‍ഷം വരെ അത് നീട്ടാന്‍ അനുവാദമുണ്ട്.

ഒരു തൊഴിലാളിയെ ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള അവധിയില്‍ അയക്കാന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും ഈ പദ്ധതിയിലൂടെ അധികാരമുണ്ട്. അതിനാല്‍ തന്നെ ഓഗസ്റ്റ് 15 ന് മുന്‍പ് ഇത്തരത്തില്‍ നിര്‍ബന്ധിത വേതന രഹിത അവധിയില്‍ പ്രവേശിപ്പിക്കേണ്ട ജീവനക്കാരുടെ വിവരം നല്‍കണമെന്ന് റീജണല്‍ തലവന്മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിലവില്‍ 11000 പേരാണ് എയര്‍ ഇന്ത്യയുടെ സ്ഥിരം ജീവനക്കാര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com