രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുന്നു; അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മൂന്നാമത്

വാക്‌സിനേഷൻ വർധിക്കുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്തതോടെ രാജ്യത്തെ വിമാനത്താവളങ്ങിലെത്തുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചു. ഓഗസ്റ്റ് മാസം രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 14.26 ദശലക്ഷത്തിൽ എത്തി. മുൻ മാസത്തെ അപേക്ഷിച്ചു 35 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത് .

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളം ആണ് ഒന്നാമത്. ഓഗസ്റ്റിൽ 398,722 യാത്രക്കാരാണ് ന്യൂ ഡൽഹിയുടെ യാത്ര നടത്തിയത്. രണ്ടാമതുള്ള മുംബൈയിൽ 184,787 ആയിരുന്നു യാത്രക്കാരുടെ എണ്ണം. മൂന്നാം സ്ഥാനത്തുള്ള കൊച്ചിയിൽ 155,322 അന്താരാഷ്ട്ര യാത്രക്കാരാണ് ഓഗസ്‌റ്റിൽ രേഖപ്പെടുത്തിയത്.
ജൂലൈയിലെ 0.80 ദശലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 1.29 ദശലക്ഷമായി ഉയർന്നു. ആഭ്യന്തര ട്രാഫിക് 9.73 ദശലക്ഷത്തിൽ നിന്ന് 12.97 ദശലക്ഷമായി ആണ് വർധിച്ചത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള വിമാനത്താവളങ്ങൾ.
ആഭ്യന്തര തലത്തിൽ രാജ്യത്തെ ഷെഡ്യൂൾഡ് എയർലൈനുകൾക്ക് കോവിഡിന് മുമ്പുള്ള ശേഷിയുടെ 72.5% വരെ പ്രവർത്തിപ്പിക്കാനുള്ള അനുമതി ഓഗസ്റ്റിൽ നൽകിയിരുന്നു. സെപ്റ്റംബറിൽ ഇത് 85% ആയി ഉയർത്തിയിട്ടുണ്ട്. നിലവിൽ ഉഭയകക്ഷി ബബിൾ കരാറുകൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. ബംഗ്ലാദേശ്, കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, മാലിദ്വീപ്, നെതർലാൻസ്, യുഎഇ, യുകെ, യുഎസ് എന്നിവയുൾപ്പെടെ 28 രാജ്യങ്ങളിലേക്കാണ് ഇപ്പോൾ രാജ്യത്ത് നിന്ന് സർവീസ് ഉള്ളത്.


Related Articles
Next Story
Videos
Share it