ചരക്കുനീക്കം: കൊവിഡ് ക്ഷീണം മാറാതെ കേരളത്തിലെ വിമാനത്താവളങ്ങള്‍

കൊവിഡ് കാലത്തെ പ്രതിസന്ധികളും നിയന്ത്രണങ്ങളും നീങ്ങി വര്‍ഷമൊന്ന് കഴിഞ്ഞിട്ടും ചരക്കുനീക്കത്തില്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനാവാതെ കേരളത്തിലെ വിമാനത്താവളങ്ങള്‍. ഇന്ത്യയില്‍ ഏറ്റവുമധികം രാജ്യാന്തര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ കൊച്ചി (സിയാല്‍), തിരുവനന്തപുരം, കോഴിക്കോട് (കരിപ്പൂര്‍), കണ്ണൂര്‍ (കിയാല്‍) എന്നീ നാല് രാജ്യാന്തര വിമാനത്താവളങ്ങളും ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കൈകാര്യം ചെയ്തത് 91,930 ടണ്‍ ചരക്കാണ്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ്, 2019-20ല്‍ ഇത് 1.25 ലക്ഷം ടണ്ണായിരുന്നു. ചരക്കുനീക്കത്തില്‍ 2019-20ന്റെ 73.05 ശതമാനം മാത്രം തിരിച്ചുപിടിക്കാനെ 2022-23ല്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.

തിരിച്ചുകയറ്റം പതിയെ
ചരക്കുനീക്കത്തില്‍ വലിയ ഉണര്‍വ് കാഴ്ചവയ്ക്കാന്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2021-22ല്‍ കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തത് 55,484 ടണ്ണാണ്. 2022-23ല്‍ ഇത് 56,773 ടണ്ണിലെത്തി; വര്‍ദ്ധന 2.3 ശതമാനം മാത്രം. തിരുവനന്തപുരം വിമാനത്താവളത്തിലെ ചരക്കുനീക്കം 2021-22ലെ 16,579 ടണ്ണില്‍ നിന്ന് കഴിഞ്ഞവര്‍ഷം 16,722 ടണ്ണായി. വളര്‍ച്ചാനിരക്ക് വെറും 0.9 ശതമാനം. കോഴിക്കോട് വിമാനത്താവളം വളര്‍ച്ചയില്‍ 37.7 ശതമാനം വര്‍ദ്ധന കുറിച്ചിട്ടുണ്ട്. 10,544 ടണ്ണില്‍ നിന്ന് 14,523 ടണ്ണിലേക്കാണ് വര്‍ദ്ധിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ചരക്കുനീക്കം താരതമ്യേന തീരെക്കുറവാണ്. എന്നാലും, വളര്‍ച്ചാനിരക്ക് കൂടുതലാണ്. 2021-22ലെ 1,559 ടണ്ണില്‍ നിന്ന് കണ്ണൂര്‍ കഴിഞ്ഞവര്‍ഷം 3,912 ടണ്ണിലേക്ക് ചരക്കുനീക്കം മെച്ചപ്പെടുത്തി; വര്‍ദ്ധന 250 ശതമാനം.
കുതിക്കാന്‍ കൊച്ചി
ചരക്കുനീക്കത്തില്‍ പുതിയ കുതിപ്പിനൊരുങ്ങുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍). നിലവില്‍ പ്രതിദിനം 100 ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി കൊച്ചിക്കുണ്ട്. പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഈ വര്‍ഷം സെപ്തംബറോടെ സജ്ജമാകും. അതോടെ പ്രതിദിനശേഷി 250 ടണ്ണായി ഉയരുമെന്നാണ് കരുതുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന വ്യോമയാന ചരക്കുനീക്ക കേന്ദ്രമായി മാറാന്‍ ഇത് സഹായിക്കുമെന്നും സിയാല്‍ പ്രതീക്ഷിക്കുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it