റീചാര്‍ജ് നിരക്ക് 57 ശതമാനം ഉയര്‍ത്തി എയര്‍ടെല്‍

കുറഞ്ഞ റീചാര്‍ജ് നിരക്ക് വീണ്ടും കുത്തനെ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. ഇത്തവണ രാജ്യത്തെ ഏഴ് സര്‍ക്കിളുകളിലാണ് മിനിമം റീചാര്‍ജ് നിരക്ക് 155 രൂപയായി ഉയര്‍ത്തിയത്. 99 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവസാനിപ്പിക്കുകയാണ് എയര്‍ടെല്‍ ചെയ്തത്.

ഇതോടെ ഈ സര്‍ക്കിളുകളിലെ കുറഞ്ഞ നിരക്കില്‍ ഒറ്റയടിക്ക് ഉണ്ടായത് 57 ശതമാനത്തിന്റെ വര്‍ധനവാണ്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, നോര്‍ത്ത് ഈസ്റ്റ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സര്‍ക്കിളുകള്‍. നിരക്ക് വര്‍ധനവ് എയര്‍ടെല്ലിന്റെ 40 ശതമാനത്തിലധികം ഉപഭോക്താക്കളെയും ബാധിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ 99 രൂപയുടെ പ്ലാനുകള്‍ ഹരിയാന, ഒഡീഷ സര്‍ക്കിളുകളില്‍ കമ്പനി നിര്‍ത്തലാക്കിയിരുന്നു. താമസിയാതെ മറ്റ് മേഖലകളിലും നിരക്ക് വര്‍ധനവ് നടപ്പിലാക്കുമെന്നാണ് വിവരം.

വരിക്കാരില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ ടെലികോം മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വരുമാനമാണ് (190 രൂപ) എയര്‍ടെല്ലിനു ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ വരുമാനം ഉയര്‍ന്നത് 25 ശതമാനത്തോളം ആണ്. 178.2 രൂപയാണ് റിലയന്‍സ് ജിയോയുടെ വരുമാനം. 5ജി സേവനങ്ങള്‍ക്കായി പ്രത്യേകം പ്ലാനുകള്‍ തല്‍ക്കാലം ഉണ്ടാകില്ലെന്ന് എയര്‍ടെല്‍ സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ 4ജി സേവന നിരക്കുകള്‍ ഉയര്‍ത്തി വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it