നിരക്ക് വര്‍ധിപ്പിച്ച് എയര്‍ടെല്‍

പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ മൊബീല്‍ നിരക്ക് വര്‍ധിപ്പിച്ചു. നവംബര്‍ 26ന് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഒരു യൂണിറ്റില്‍ നിന്നുള്ള ശരാശരി വരുമാനം (Average Revenue per Unit) 200-300 രൂപയാക്കുക എന്ന ലക്ഷ്യവുമായാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലയുടെ നിലനില്‍പ്പിന് അത്തരത്തിലുള്ള വര്‍ധന അത്യാവശ്യമാണെന്നാണ് എയര്‍ടെല്‍ പറയുന്നത്.

200-300 രൂപ ശരാശരി ഒരു വരിക്കാരനില്‍ നിന്ന് വരുമാനം ഉറപ്പിക്കാനായാലേ തുടര്‍ന്നുള്ള നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്തല്‍, 5ജി സേവനം നല്‍കുന്നതിനായുള്ള സ്‌പെക്ട്രം സ്വന്തമാക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
വിവിധ പ്ലാനുകള്‍ക്ക് 20 രൂപ മുതല്‍ 501 രൂപ വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
79 രൂപയുടെ 28 ദിവസത്തേക്കുള്ള പ്ലാനിന് ഇനി 99 രൂപ നല്‍കേണ്ടി വരും. 179 (പഴയ നിരക്ക് 149), 265 (219), 299 (249), 359 (298), 479 (399), 549 (449), 455 (379), 719 (598), 839 (698), 1799 (1498), 2999 (2498) എന്നിവയാണ് പുതിയ നിരക്കുകള്‍. കൂടാതെ 3 ജിബി ഡാറ്റയ്ക്ക് 48 രൂപയ്ക്ക് പകരം 58 രൂപയും 12 ജിബിക്ക് 98 ന് പകരം 118 ഉം 50 ജിബിക്ക് 251 രൂപയ്ക്ക് പകരം 301 രൂപയും നല്‍കണം.
അതേസമയം, സെപ്തംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തിലെ ഭാരതി എയര്‍ ടെല്ലിന്റെ അറ്റാദായം മുന്‍ വര്‍ഷം അതേ കാലയളവിനേക്കാള്‍ 300 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. വരുമാനം ഇതേ ത്രൈമാസത്തില്‍ 5.48 ശതമാനം കൂടി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it