മുന്നേറ്റവുമായി എയര്‍ടെല്‍, മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 164 ശതമാനം വര്‍ധന
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മുന്നേറ്റവുമായി ഭാരതി എയര്‍ടെല്‍. ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ കഴിഞ്ഞപാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ 164 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2,008 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 759.2 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തിലെ 25,747 കോടി രൂപയില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 22 ശതമാനം ഉയര്‍ന്ന് 31,500 കോടി രൂപയായി.
ചൊവ്വാഴ്ച, ബിഎസ്ഇയില്‍ രണ്ട് ശതമാനം ഉയര്‍ന്ന എയര്‍ടെല്‍ 709 രൂപ എന്ന തോതിലാണ് ഇന്ന് (18-05-2022, 10.00) വ്യാപാരം നടത്തുന്നത്. കൂടാതെ, അഞ്ച് രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതവും കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ടെലികോം രംഗത്തെ പ്രധാന പ്രകടന സൂചകമായ ഒരു ഉപഭോക്താവില്‍നിന്നുള്ള വരുമാനം (എആര്‍പിയു) ഈ പാദത്തില്‍ 178 രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 145 രൂപയായിരുന്നു. ഇതേ കാലയളവില്‍ എതിരാളികളായ റിലയന്‍സ് ജിയോയുടെയും വോഡഫോണ്‍ ഐഡിയയുടെയും എആര്‍പിയു യഥാക്രമം 167.6 രൂപയും 124 രൂപയുമാണ്.
അതേസമയം 2022 സാമ്പത്തിക വര്‍ഷത്തില്‍ 4,255 കോടി രൂപയുടെ അറ്റാദായമാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി നേടിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 15,084 കോടി രൂപയുടെ നഷ്ടമായിരുന്നു എയര്‍ടെല്ലിന്റെ അറ്റാദായത്തിലുണ്ടായിരുന്നത്.