ജിയോയ്ക്ക് പിന്നാലെ ഐയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും; 30 ദിവസം കാലാവധിയുള്ള താരിഫ് പ്രഖ്യാപിച്ചേക്കും

തങ്ങളുടെ പ്രധാന എതിരാളിയായ റിലയന്‍സ് ജിയോയെ പിന്തുടരാന്‍ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും. ജിയോയ്ക്ക് സമാനമായി 30 ദിവസം കാലാവധിയുള്ള താരിഫ് അവതരിപ്പിക്കാനാണ് ഇരു ടെലികോം കമ്പനികളും ലക്ഷ്യമിടുന്നത്. ഇതുവഴി ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞ റീചാര്‍ജുകള്‍ തിരഞ്ഞെടുക്കാന്‍ വരിക്കാരെ പ്രേരിപ്പിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

നിലവില്‍ 28 ദിവസം കാലാവധിയുള്ള താരിഫിന് പുറമെ 30 ദിവസം കാലാവധിയുള്ള താരിഫും ജിയോ നല്‍കുന്നുണ്ട്. 28 ദിവസത്തെ മള്‍ട്ടിപ്പിള്‍ വാലിഡിറ്റി ഓപ്ഷന്‍ വാഗ്ദാനം ചെയ്ത മുന്‍ പ്ലാനുകളില്‍ നിന്ന് വ്യത്യസ്തമായി 30 ദിവസത്തെ മള്‍ട്ടിപ്പിള്‍ വാലിഡിറ്റി ഓപ്ഷനുമായി പുതിയ പ്രീ-പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച ജിയോയെ പിന്തുടരാനാണ് ഐയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും നീക്കം. 15 ദിവസം മുതല്‍ 165 ദിവസം വരെ കാലാവധിയുള്ള 127-2,397 രൂപ വരെ വരുന്ന വിവിധ താരിഫുകളാണ് 'ജിയോ ഫ്രീഡം' എന്ന പേരില്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ഓരോ ഉപയോക്താവില്‍നിന്നും ശരാശരി വരുമാനം കണക്കാക്കുന്ന എആര്‍പിയു എയര്‍ടെല്ലിനാണ് കൂടുതലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ജിയോയും എയര്‍ടെല്ലും യഥാക്രമം 138.2 രൂപയും 145 രൂപയുമാണ് എആര്‍പിയു നേടിയത്. വോഡഫോണ്‍ ഐഡിയ ഇതുവരെ അതിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല, മൂന്നാം പാദത്തില്‍ 121 രൂപയുടെ എആര്‍പിയു ഉണ്ടായിരുന്നു.


Related Articles
Next Story
Videos
Share it