അക്ഷയതൃതീയ: സ്വർണക്കടകളിൽ തിരക്ക്; ഒറ്റദിവസം ₹2,​700 കോടിയുടെ വിൽപന

അക്ഷയതൃതീയ വിൽപന ഇന്നും തുടരുന്നു; എക്സ്ചേഞ്ച് വിൽപനയും ഉയർന്നു
അക്ഷയതൃതീയ: സ്വർണക്കടകളിൽ തിരക്ക്;  ഒറ്റദിവസം  ₹2,​700 കോടിയുടെ വിൽപന
Published on

അക്ഷയതൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്തെ സ്വർണാഭരണ വിൽപനശാലകളിൽ കണ്ടത് വൻ തിരക്ക്.

ഇന്നലെ രാവിലെ7 .49ന് ആരംഭിച്ച് ഇന്ന് (ഞായർ ) രാവിലെ 7.47 വരെയാണ് അക്ഷയതൃതീയ മുഹൂർത്തം. ഇന്നലെ പുലർച്ചെ തന്നെ സംസ്ഥാനത്തെ സ്വർണക്കടകൾ തുറന്ന് വിൽപന ആരംഭിച്ചിരുന്നു.

ഇന്നലെ വൈകിട്ട് ആറുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അക്ഷയതൃതീയയേക്കാൾ 20 ശതമാനം വരെ വർദ്ധന വിറ്റുവരവിൽ ഉണ്ടായെന്നാണ് വിലയിരുത്തലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)​ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അക്ഷയതൃതീയയ്ക്ക് വിറ്റുവരവ് 2,​250 കോടി രൂപയായിരുന്നു. ഇന്നലെ വൈകിട്ട് വരെ ഇത് 2,​700 കോടി രൂപ കടന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ഇന്നും അക്ഷയതൃതീയ വിൽപന തുടരുമെന്നതിനാൽ മൊത്തം വിറ്റുവരവ് 3,​000 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ. ഇന്നലെ അർദ്ധരാത്രി വരെയും നിരവധി ജുവലറികൾ തുറന്നു പ്രവർത്തിച്ചു. ഇന്ന് പുലർച്ചെ തന്നെ കടകൾ നിരവധി തുറന്നു..   ദേശീയതലത്തിലും മുൻ വർഷത്തേക്കാൾ 30 ശതമാനത്തിലധികം വിൽപനയുണ്ടായെന്നാണ് വിലയിരുത്തൽ.

നേട്ടമായി വിലക്കുറവ്; പ്രിയം ചെറു ആഭരണങ്ങൾക്ക്

ഏപ്രിൽ 14ന് എക്കാലത്തെയും ഉയരത്തിലെത്തിയ സ്വർണവില പിന്നീട് കുറഞ്ഞത് നേട്ടമായെന്ന് വിലയിരുത്തപ്പെടുന്നു. പവന് 44,​600 രൂപയിലും ഗ്രാമിന് 5,​575 രൂപയിലുണ് ഇന്നലത്തെ വ്യാപാരം. ഇന്നലെ മാത്രം പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറഞ്ഞു.

സംസ്ഥാനത്തെ 12,​000ഓളം സ്വർണക്കടകളിലായി 7 ലക്ഷത്തോളം ഉപഭോക്താക്കൾ ഇന്നലെ എത്തിയെന്നാണ് വിലയിരുത്തലെന്ന് അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണനാണയം,​ മൂക്കുത്തി,​ കമ്മൽ,​ മോതിരം തുടങ്ങിയ ചെറു ആഭരണങ്ങൾക്കായിരുന്നു ഇക്കുറി കൂടുതൽ ഉപഭോക്തൃപ്രിയം. ഡയമണ്ട്,​ വെള്ളി,​ പ്ലാറ്റിനം ആഭരണങ്ങൾക്കും ഡിമാൻഡുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

ഓഫറുകളും തുണച്ചു

ഇന്നലെയും ഇന്നും സ്വർണോത്സവം ആയാണ് എ.കെ.ജി.എസ്.എം.എ ആഘോഷിക്കുന്നത്. ഇതും ഈദ് ആഘോഷവും വിൽപന കൂടാൻ സഹായിച്ചുവെന്ന് കരുതപ്പെടുന്നു. പുറമേ,​ വിവിധ ജുവലറികൾ സ്വന്തം നിലയ്ക്ക് ഏർപ്പെടുത്തിയ ആകർഷക ഓഫറുകളും ഉപഭോക്താക്കളെ ആകർഷിച്ചു. പണിക്കൂലിയിൽ പൂർണമായ ഇളവുൾപ്പെടെ വാഗ്ദാനം ചെയ്ത ജുവലറികളുമുണ്ട്.

 പാതിയും എക്സ്ചേഞ്ച്!

സ്വർണവില മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനത്തോളം ഉയരത്തിലാണുള്ളത്. ഇതുമൂലം ഇന്നത്തെ പർച്ചേസുകളിൽ പാതിയോളം എക്സ്ചേഞ്ചുകളായിരുന്നു എന്നാണ് ജുവലറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ. കൈവശമുള്ള പഴയ സ്വർണം മാറ്റി പുതിയത് വാങ്ങാനെത്തിയവർ നിരവധിയായിരുന്നുവെന്ന് വിതരണക്കാർ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com