ഇന്ത്യന്‍ നഗരങ്ങളില്‍ കൂടുകൂട്ടാന്‍ 20 വിദേശ ബ്രാന്‍ഡുകള്‍ കൂടെ
അടുത്ത 6-8 മാസത്തിനുള്ളില്‍ ഏകദേശം 20 വിദേശ ബ്രാന്‍ഡുകള്‍ ഇന്ത്യയിലെത്തുമെന്ന് വിദഗ്ധര്‍. ഇതോടെ രാജ്യത്തെ റീറ്റെയ്ല്‍ വില്‍പ്പന വര്‍ധിക്കും. ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ റോബര്‍ട്ടോ കവല്ലി, അമേരിക്കന്‍ സ്പോര്‍ട്സ് പാദരക്ഷാ ബ്രാന്‍ഡായ ഫുട്ലോക്കര്‍, അര്‍മാനിയുടെ ലക്ഷ്വറി കഫേ ബ്രാന്‍ഡായ അര്‍മാനി കഫേ, ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡായ ഡന്‍ഹില്‍, ചൈനീസ് ബ്രാന്‍ഡ് ഷെയിന്‍, സ്പാനിഷ് ലക്ഷ്വറി ബ്രാന്‍ഡായ ബലെന്‍സിയാഗ,യു.കെ ആസ്ഥാനമായുള്ള ബോട്ടിക് കഫേ ഉള്‍പ്പെടെയുള്ള 20 വിദേശ ബ്രാന്‍ഡുകളാകും ഇന്ത്യയിലെത്തുക.
ആകര്‍ഷിക്കാന്‍ കാരണങ്ങളേറെ
കോവിഡിന് മുമ്പുള്ള കാലയളവില്‍ പ്രതിവര്‍ഷം ഇന്ത്യയിലെത്തിയിരുന്നത് ഏകദേശം 10 വിദേശ ബ്രാന്‍ഡുകളായിരുന്നു. കോവിഡ് സമയത്ത് വിപണി താളം തെറ്റിയെങ്കിലും കോവിഡിന് ശേഷം വിപണി സാധ്യതകള്‍ മെച്ചപ്പെട്ട് തുടങ്ങി. മെച്ചപ്പെട്ട റീറ്റെയ്ല്‍ വിപണിയും വര്‍ധിച്ചുവരുന്ന ഉപഭോക്തൃ താത്പര്യവുമാണ് ഇന്ത്യയിലേക്ക് വിദേശ ബ്രാന്‍ഡുകളെ ആകര്‍ഷിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. റിലയന്‍സ്, ആദിത്യ ബിര്‍ള തുടങ്ങിയ വലിയ ഗ്രൂപ്പുകള്‍ വിദേശ ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതും മറ്റൊരു കാരണമാണ്.
ആദ്യ ഘട്ടത്തില്‍ ഈ ബ്രാന്‍ഡുകളില്‍ ഭൂരിഭാഗവും മുംബൈ, ഡല്‍ഹി-എന്‍.സി.ആര്‍, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാകും എത്തുക. 2023ന്റെ ആദ്യ പകുതിയില്‍ വിദേശ, ആഭ്യന്തര ബ്രാന്‍ഡുകളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ റീറ്റെയ്ല്‍ ലീസിംഗ് പ്രവര്‍ത്തനങ്ങള്‍ 24% വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ ഇരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.