ഹരിത ബിസിനസിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി ഐഒസി

ബദല്‍ എനര്‍ജി ബിസിനസുകള്‍ക്കായി പുതിയ കമ്പനി സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി). നിലവിലുള്ള ബിസിനസിന് പുറമെ ജൈവ ഇന്ധനം, ബയോഗ്യാസ്, ഗ്രീന്‍ ഹൈഡ്രജന്‍, ഇവി മൊബിലിറ്റി, ഇവി ബാറ്ററികള്‍ എന്നീ മേഖലകളിലേക്ക് വിപുലീകരിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ട്. അടുത്ത വര്‍ഷം പുതിയ കമ്പനി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിലേക്ക് കടക്കുമ്പോള്‍ 2027-28 ഓടെ ഇത് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്റെ 5 ശതമാനം ഗ്രീന്‍ ഹൈഡ്രജനായിരിക്കും. 2029-30 ഓടെ ഇത് 10 ശതമാനമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇത്തരത്തിലൊരു പുതിയ കമ്പനി ആരംഭിച്ചാല്‍ ഇത് പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്താനും എളുപ്പത്തില്‍ ധനസമ്പാദനം നടത്താനും മറ്റും ഐഒസിഎല്ലിനെ അനുവദിക്കും. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഐഒസിഎല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം ഡീകാര്‍ബണൈസേഷന്‍ ഡ്രൈവിന്റെ ഭാഗമായി നിലവിലുള്ള ഹൈഡ്രജന്റെ പത്തിലൊന്നെങ്കിലും കാര്‍ബണ്‍ രഹിത ഗ്രീന്‍ ഹൈഡ്രജനായി നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് കമ്പനി ഒരിക്കല്‍ അറിയിച്ചിച്ചിരുന്നു. മാത്രമല്ല 2046 ഓടെ കമ്പനി നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യം വെക്കുന്നതായും കമ്പനി മുമ്പ് ഔദ്യോഗികമായി പറഞ്ഞിരുന്നു.

കാര്‍ഷിക മാലിന്യത്തില്‍ നിന്ന് 2ജി എത്തനോള്‍, വാഹനങ്ങള്‍ക്കുള്ള ഇന്ധന സെല്‍ സാങ്കേതികവിദ്യ, സൗരോര്‍ജ്ജത്തില്‍ നിന്നുള്ള ബയോഡീസല്‍ ഉല്‍പ്പാദനം, ഊര്‍ജ്ജ സംഭരണ ഉപകരണങ്ങള്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ പരിഹാരങ്ങള്‍ ഐഒസിഎല്‍ നിലവില്‍ നല്‍കുന്നുണ്ട്.

Related Articles
Next Story
Videos
Share it