അലൂമിനിയം വിലക്കയറ്റം: ഏതൊക്കെ ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടമാകും?

അലൂമിനിയത്തില്‍ വില വര്‍ധനയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഇവയാണ്

റഷ്യ-യുക്രെയ്ന്‍ (Russia-Ukraine) യുദ്ധം ആരംഭിച്ചതോടെ ആഗോള അലൂമിനിയം വില ജനുവരിയിലെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ച് ടണ്ണിന് 3875 ഡോളര്‍ വരെ ഉയര്‍ന്നു. ഇപ്പോള്‍ വില 3320 ഡോളര്‍. യൂറോപ്യയന്‍ രാജ്യങ്ങളില്‍ ഊര്‍ജ നിരക്കുകള്‍ കുത്തനെ വര്‍ധിച്ചതോടെ അലുമിനിയത്തിന്റെ ഉല്‍പാദന ചെലവ് കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയിലെ അലൂമിനിയം ഉല്‍പ്പാദക കമ്പനികള്‍ സ്വന്തമായി കല്‍ക്കരി ഉപയോഗപ്പെടുത്തി വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ ഊര്‍ജ ചെലവ് കുറവാണ്. അലൂമിനിയം വില വര്‍ധിച്ച സാഹചര്യത്തില്‍ ഈ ഘടകം കൂടുതല്‍ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് വിലയിരുത്തുന്നു. ഇതുകൂടാതെ ഈ കമ്പനികള്‍ക്ക് ആവശ്യമായ കല്‍ക്കരി യുടെ മൂന്നില്‍ രണ്ടു ഭാഗം കോള്‍ ഇന്ത്യയുമായിട്ടുള്ള ധാരണയില്‍ നിന്ന് ലഭിക്കുന്നുണ്ട്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് , നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്, ഹിന്ദ് അലൂമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവയാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രധാനപ്പെട്ട അലൂമിനിയം ഉല്‍പാദക കമ്പനികള്‍.

ലോക വിപണിയില്‍ ലോഹത്തിന്റെ വിതരണത്തില്‍ സമ്മര്‍ദ്ദം നേരിടുന്നതാണ് വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം. അലൂമിനിയം ഇന്‍വെന്ററി (നിര്‍മാണത്തില്‍ ഇരിക്കുന്നതും പൂര്‍ത്തീകരിച്ചതുമായ ) ഉല്‍പന്നങ്ങള്‍ കുറവായതിനാലും റഷ്യന്‍ അലുമിനിയം കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയാതിനാലും ലോക വിപണിയില്‍ ലോഹത്തിന്റെ ലഭ്യത വീണ്ടും കുറയുകയും വില വര്‍ധിക്കുകയും ചെയ്യും. ലോക അലൂമിനിയം വിതരണത്തിന്റെ 12 ശതമാനം റഷ്യയുടേതാണ്. അലൂമിനിയം ഉല്‍പ്പാദിപ്പിക്കാനുള്ള അലുമിനയുടെ ലഭ്യത ഉക്രെയ്‌നില്‍ നിന്ന് തടസപ്പെട്ടതോടെ റഷ്യയിലെ പ്രധാന അലൂമിനിയം ഉല്‍പ്പാദക കമ്പനിയായ റുസലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ചൈനയില്‍ 2021 ല്‍ ഉല്‍പാദന ശേഷി ദശലക്ഷം ടണ്‍ കുറച്ചതും അലൂമിനിയം ലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്.



Related Articles
Next Story
Videos
Share it