അലൂമിനിയം വില റെക്കോർഡ് ഉയരത്തിൽ നിന്ന് താഴുന്നു, ഏതെല്ലാം വ്യവസായങ്ങൾക്ക് നേട്ടമാകും?
2022 മാർച്ചിൽ ആഭ്യന്തര വിപണിയിൽ അലുമിനിയത്തിന് കിലോഗ്രാമിന് 300 രൂപ എന്ന റെക്കോർഡ് നിലയിൽ എത്തിയിട്ട് വില താഴേക്ക് വന്നിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പകുതിയിൽ ശരാശരി വില 225 മുതൽ 235 രൂപ വരെ എത്തുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് പ്രതീക്ഷിക്കുന്നു. ഇതിലൂടെ കൺസ്യുമർ ഡ്യൂറബിൾസ്, ആട്ടോമൊബൈൽ, വൈദ്യുതി മേഖലകൾക്കാണ് നേട്ടം ഉണ്ടാകുന്നത്.
അലൂമിനിയം വില വർധനവിനെ തുടർന്ന് സ്ക്രാപ് ലോഹങ്ങളുടെ ഉപയോഗം കഴിഞ്ഞ ഒരു വർഷമായി വർധിച്ചിട്ടുണ്ട്. ഇത് കൂടാതെ ചെറുകിട ഇടത്തരം കമ്പനികൾ വില കുറഞ്ഞ അലുമിനിയം ഇറക്കുമതി ചെയ്യുകയാണ്.
2021 -22 ൽ അലൂമിനിയത്തിന്റെ ശരാശരി വില 46% വാർഷിക വർധിച്ച് കിലോക്ക് 226 രൂപയായി ഉയർന്നു. ചൈനയിലും യൂറോപ്പിലും ഉൽപാദന കുറവ് മൂലം 1.2 ദശലക്ഷം ടണ്ണിന്റെ വിതരണ കമ്മി നേരിട്ടൂ. 2022-23 ൽ ഇത് ഒരു ദശലക്ഷമായി കുറയുമെന്ന് കരുതുന്നു.
ആഗോള വിപണിയിൽ റഷ്യ-യുക്രയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം മാർച്ച് 7 ന് അലൂമിനിയം വില ടണ്ണിന് റെക്കോർഡ് 3985 ഡോളറായി ഉയർന്നു. യുദ്ധത്തിന് മുൻപ് 3220 ഡോളറായിരുന്നു.
നിലവിൽ 3200 ഡോളറിലേക്ക് താഴ്ന്നു. ചൈനയിൽ കോവിഡ് വ്യാപനം തുടർന്നതോടെ അലൂമിനിയം സ്റ്റോക്ക് വർധിച്ചതാണ് വില ഇടിയാൻ കാരണം. അലൂമിനിയം വില വർധനവ് ഇന്ത്യയിലെ പ്രാഥമിക അലൂമിനിയം ഉല്പാദകർക്ക് ഗുണകരമായി. കഴിഞ്ഞ സാമ്പത്തിക വർഷം 2.4 ദശലക്ഷം ടൺ കയറ്റുമതി ചെയ്തു.