അനധികൃത മരുന്ന് വില്‍പ്പന; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും കാരണം കാണിക്കല്‍ നോട്ടീസ്

മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നടത്തിയതിന് ആമസോണും ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസും ഉള്‍പ്പടെ 20 ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ക്ക് കാണിക്കല്‍ നോട്ടീസ് നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI). ലൈസന്‍സില്ലാതെ ഓണ്‍ലൈനായി മരുന്നുകള്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള 2019 ഡിസംബറിലെ ഡല്‍ഹി ഹൈകോടതി ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഡിസിജിഐ വി ജി സോമാനി നോട്ടീസ് നല്‍കിയത്.

ലൈസന്‍സ് ആവശ്യം

2019 മെയ്, നവംബര്‍, 2023 ഫെബ്രുവരി മാസങ്ങളില്‍ ഡിസിജിഐ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടിക്കള്‍ സ്വീകരിക്കുന്നതിനായി ഉത്തരവ് കൈമാറിയിരുന്നു. ഏതെങ്കിലും മരുന്നിന്റെ വില്‍പ്പന, വിതരണം എന്നിവ നടത്തുന്നതിന്, ബന്ധപ്പെട്ട സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിയുടെ ലൈസന്‍സ് ആവശ്യമാണെന്നും ലൈസന്‍സിന്റെ നിബന്ധനകള്‍ കമ്പനികള്‍ പാലിക്കേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

മറുപടിയില്ലെങ്കില്‍ നടപടി

നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ഡ്രഗ് ആന്‍ഡ് കോസ്‌മെറ്റിക് നിയമം ലംഘിച്ചുകൊണ്ട് അനധികൃതമായി ഒരു ഇ-കൊമേഴ്സ് കമ്പനിയും മരുന്ന് വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആവശ്യപ്പെട്ടു. നോട്ടീസ് നല്‍കിയ തീയതി മുതല്‍ 2 ദിവസത്തിനുള്ളില്‍ കാരണം കാണിക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ മറ്റൊരു അറിയിപ്പും കൂടാതെ കമ്പനിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിസിജിഐ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it