ആമസോണില്‍ പല സാധനങ്ങള്‍ക്കും ഇനി വില ഉയരും; വില്‍പ്പനക്കാര്‍ക്കുള്ള ഫീസ് കൂട്ടി

ആമസോണ്‍ ഇന്ത്യ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വില്‍പ്പനയ്ക്ക് കമ്മീഷനുകള്‍ വര്‍ധിപ്പിച്ചു. ആമസോണിലൂടെ വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്കുള്ള സെല്ലര്‍ ഫീസാണ് വർധിച്ചത്. ആമസോണ്‍ പ്ലാറ്റ്ഫോമില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വില്‍പ്പനക്കാരില്‍ നിന്ന് ഈടാക്കുന്ന കമ്മീഷനാണ് സെല്ലര്‍ ഫീസ്. ഇത് വര്‍ധിക്കുന്നതോടെ ഓണ്‍ലൈനില്‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന അന്തിമ വില്‍പ്പന വില വർധിപ്പിക്കാൻ കച്ചവടക്കാർ നിർബന്ധിതരാകും. അതായത് ഓഫറില്‍ കിട്ടിയാലും ഇനി പല സാധനങ്ങളുടെയും വില വര്‍ധിക്കുമെന്നര്‍ത്ഥം.

വര്‍ധിക്കുന്നവയില്‍ മരുന്നുകളും

ആമസോണില്‍ ലഭ്യമായിട്ടുള്ള പല അവശ്യ സാധനങ്ങളുടെയും വില ഇനി മാറും. ബ്യൂട്ടി, പേഴ്സണല്‍ കെയര്‍, ബേബി കെയര്‍, ഓട്ടോമോട്ടീവ് ഉല്‍പ്പന്നങ്ങള്‍, പലചരക്ക്, മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗങ്ങൾക്കാണ് വില വർധിക്കുക. പുതിയ നിരക്കുകള്‍ 2023 മെയ് 31 മുതല്‍ പ്രതിഫലിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വില വര്‍ധിക്കല്‍ ഇങ്ങനെ

300 രൂപയില്‍ താഴെ വിലയുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളുടെ സെല്ലർ ഫീസ് 8.5 ശതമാനം വര്‍ധിക്കും. ഹെയര്‍ കെയര്‍, ബാത്ത് ആന്‍ഡ് ഷവര്‍ എന്നീ സെഗ്മെന്റിലായിരിക്കും ഇത് പ്രതിഫലിക്കുക. നേരത്തെ 500 രൂപയില്‍ താഴെയുള്ള വസ്തുക്കളുടെ വിലയില്‍ ഏഴ് ശതമാനം സെല്ലര്‍ ഫീ ആയിരുന്നു ആമസോണ്‍ ഈടാക്കിയിരുന്നത്.

അപ്പാരല്‍ മേഖലയിലും ഈ വില വര്‍ധനയുണ്ടായേക്കും. അത് കുറച്ചു കൂടുതലാകാനാണ് സാധ്യതയെന്നും ഇ.ടി റിപ്പോര്‍ട്ട് പറയുന്നു. ആയിരം രൂപയ്ക്ക് മേല്‍ ഉള്ള തുണിത്തരങ്ങള്‍ക്ക് 19 ശതമാനമായിരുന്ന കമ്മിഷന്‍ ഇപ്പോള്‍ 22.5 ശതമാനമായി വര്‍ധിച്ചേക്കുമത്രെ.

ആയിരം രൂപയ്ക്ക് മേല്‍ വരുന്ന പലചരക്ക് (grocery segment) സാധനങ്ങള്‍ക്ക് എട്ട് ശതമാനം സെല്ലര്‍ ഫീസ് ഉണ്ടായിരുന്നിടത്ത് ഇനി മുതല്‍ ഒമ്പത് ശതമാനമായിരിക്കും. ആമസോണിന്റെ സെല്ലര്‍ പേജിലും നിരക്കുകളില്‍ വ്യത്യാസം വന്നതായി കാണാം. 500 രൂപയില്‍ മുകളിലെങ്കില്‍ നൈറ്റ് ഡ്രസ്സുകള്‍ക്ക് 15 ശതമാനം സെല്ലര്‍ ഫീസ് ഈടാക്കും. ഇത് നേരത്തെ 13 ശതമാനമായിരുന്നു.

ഏറ്റവും കയറ്റം മരുന്നുവില

ഡോക്റ്ററുടെ കുറിപ്പോടെയല്ലാതെ വാങ്ങുന്ന സാധാരണ മരുന്നുകളുടെ വില 500 രൂപയില്‍ താഴെയുള്ളവയ്ക്ക് 12 ശതമാനവും മുകളിലുള്ളവയ്ക്ക് 15 ശതമാനവുമാക്കി. നേരത്തെ ഇത് 5.5 - 10 ശതമാനം നിരക്കിലായിരുന്നു. ഉത്പന്നങ്ങൾ തിരികെ അയക്കുമ്പോഴുള്ള റീഫണ്ട് ഫീസിലും വ്യത്യാസം വന്നേക്കും. 40 ശതമാനം വരെ റീഫണ്ട് ഫീസ് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ആമസോണിന്റെ പുതിയ തീരുമാനം

18 ശതമാനം ജി.എസ്.ടി, അവസാന വില്‍പ്പന വിലയില്‍ നിന്നുള്ള കമ്മീഷന്‍ എന്നിവയാണ് ആമസോണ്‍ വില്‍പ്പനക്കാരില്‍ നിന്നും ഈടാക്കുന്നത്. സെല്ലര്‍ ഫീസ് എന്നറിയപ്പെടുന്ന വില്‍പ്പനക്കാരില്‍ നിന്നും ഈടാക്കുന്ന തുക വര്‍ധിക്കുന്നതോടെ സ്വാഭാവികമായും ആമസോണ്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന ജനങ്ങള്‍ക്കും വിലക്കയറ്റം അനുഭവപ്പെടും.

മറ്റ് ടെക് കമ്പനികളെപ്പോലെ ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ്ഫോമുകളും ആഗോള മാന്ദ്യത്തിനിടയിലും പണം ലാഭിക്കാനും വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും ശ്രമിക്കുന്നതിനാലാണ് ഈ നീക്കം. വില്‍പ്പനക്കാരില്‍ നിന്ന് അന്തിമ വില്‍പ്പന വിലയുടെ ഒരു ശതമാനം കമ്മീഷനുകളായി ഈടാക്കുന്നതിലൂടെ വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടാകും. മാത്രമല്ല ആഗോള തലത്തിൽ വിവിധ വിഭാഗങ്ങളിലായി 27,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ നീക്കവും ഇത്തരത്തില്‍ പുതിയ കാലഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ആമസോണിന്റെ ശ്രമമാണ്.

Related Articles

Next Story

Videos

Share it