

അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണ്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കാനൊരുങ്ങുന്നു. ഫോക്‌സ്‌കോണിന്റെ അനുബന്ധ സ്ഥാപനമായ ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയുമായി സഹകരിച്ചാണ് ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചെന്നൈയില്‍ ഉല്‍പ്പാദനം ആരംഭിക്കും.
ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നത്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ 10 മേഖലകളിലേക്കുള്ള പിഎല്‍ഐ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിലൂടെ ഉല്‍പ്പാദനവും വില്‍പ്പനയും വര്‍ധിപ്പിച്ച് നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
'ആത്മ നിര്‍ഭര്‍ ഭാരത് കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കാളിയാകാന്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണ്. 10 ദശലക്ഷം ചെറുകിട, ഇടത്തരം ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ഇന്ത്യന്‍ ബിസിനസിനെ ലോകമെമ്പാടുമെത്തിക്കാനും അതുവഴി 10 ബില്യണ്‍ ഡോളര്‍ മൊത്തം കയറ്റുമതി സാധ്യമാക്കുമെന്നും 2025 ഓടെ 1 മില്യണ്‍ അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്' ആമസോണ്‍ ഇന്ത്യ ലീഡറും ആഗോള സീനിയര്‍ വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine