

അലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായി കത്തിയവാഡി എന്ന സിനിമയുടെ ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് (Netfilx) വലിയ പരസ്യമാണ് നല്‍കിയത്. മലയാളം സിനിമ മിന്നല്‍ മുരളിക്കും നെറ്റ്ഫ്ലിക്സ് നല്‍കിയ ക്യാംപെയ്‌നുകള്‍ നമ്മള്‍ കണ്ടതാണ്. ഇക്കാര്യത്തില്‍ ആമസോണ്‍ പ്രൈമിന്റെ (Amazone prime) പാത പിന്തുടരുകയാണ് നെറ്റ്ഫ്ലിക്സ്. പിന്നാലെ ഇന്ത്യന്‍ ഒര്‍ജിനല്‍ സീരീസുകളും സിനിമകളുമായി സോണി ലിവും (SonyLiv) ഉണ്ട്.
ഇന്ത്യന്‍ വിപണിയില്‍ വിചാരിച്ചത്ര വരിക്കാരെ (subscribers) നേടാന്‍ നെറ്റ്ഫ്ലിക്‌സിന് സാധിച്ചിട്ടില്ല. സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് കുറച്ചും ഗെയിമിംഗ് സേവനങ്ങള്‍ അവതരിപ്പിച്ചും വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ നെറ്റ്ഫ്ലിക്‌സ് ശ്രമിച്ചിരുന്നു. പരസ്യങ്ങള്‍ നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ രീതി, അക്കൗണ്ട് പങ്കുവെയ്ക്കുന്നതിലെ നിയന്ത്രണങ്ങള്‍ തുടങ്ങിയ മാറ്റങ്ങളിലൂടെ വീണ്ടും വരിക്കാനുടെ എണ്ണം ഉയര്‍ത്താനുള്ള ശ്രമിത്തിലാണ് നെറ്റ്ഫ്‌ലിക്‌സ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ നഷ്ടമാണ് ആഗോള തലത്തില്‍ ഉണ്ടായത്.
14,000 കോടിയുടെ ഇന്ത്യന്‍ ഒടിടി വിപണിയില്‍ 1700 കോടി വരുമാനവുമായി മുന്നിലുണ്ടെങ്കിലും വരിക്കാരുടെ എണ്ണത്തില്‍ വളരെ പിന്നിലാണ്. ഡിസംബര്‍ 2021ലെ കണക്കുകള്‍ പ്രകാരം 5.5 മില്യണ്‍ വരിക്കാരാണ് നെറ്റ്ഫ്ലിക്‌സിന് ഇന്ത്യയിലുള്ളത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് 46 മില്യണ്‍ വരിക്കാനും 1500 കോടി രൂപയുടെ വരുമാനവും ആണ് ഉള്ളത്. ആമസോണിനാകട്ടെ 19 മില്യണ്‍ വരിക്കാരും 1,300 കോടിയുടെ വരുമാനവും. പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി സേവനങ്ങള്‍ നല്‍കുന്ന യൂട്യൂബും ( 450 മില്യണ്‍) എംഎക്‌സ് പ്ലയറുമാണ് (162 മില്യണ്‍) രാജ്യത്തെ ഏറ്റവും വലിയ വീഡിയോ കണ്ടന്റ് പ്ലാറ്റ്‌ഫോമുകൾ
ഇന്ത്യന്‍ വിപണിയില്‍ 5 വര്‍ഷം തികച്ച ആമസോണും വരിക്കാരുടെ എണ്ണം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഒര്‍ജിനല്‍ മൂവി നിര്‍മാണത്തിലേക്ക് കടന്ന ആമസോണ്‍ രാജ്യത്ത് pay-per- view അഥവാ ഒരു സിനിമയ്ക്ക് മാത്രം പണം നല്‍കി കാണുന്ന രീതി അവതരിപ്പിക്കുകയാണ്. 69 രൂപ മുതല്‍ 499 രൂപവരെ നിരക്കിലാണ് സേവനങ്ങള്‍ നല്‍കുന്നത്. കൂടാതെ ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമവും ആമസോണ്‍ നടത്തുന്നുണ്ട്. സിനിമ, സീരീസ് വിഭാഗത്തില്‍ അടുത്ത 40 പുതിയ ടൈറ്റിലുകളും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടയ്ക്കിടയ്ക്കുള്ള സിനിമ റിലീസുകളിലുപരി ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് വരിക്കാരെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് സീരീസുകള്‍ക്കാണ്. സ്‌ക്വിഡ് ഗെയിമിന് (squid game) ശേഷം വലിയൊരു ഹിറ്റ് ഉണ്ടാക്കാന്‍ നെറ്റ്ഫ്ലിക്‌സിന് ഇതുവരെ സാധിച്ചിട്ടില്ല. അടുത്ത മാസം പുറത്തിറങ്ങുന്ന സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് (stranger things) ആണ് ഇനി നെറ്റ്ഫ്ലിക്‌സിന്റേതായി വരാനുള്ള പ്രധാന സീരീസ്. അതേ സമയം ഐപിഎല്‍, ടിവി സീരിയല്‍, ലൈവ് ടിവി എന്നിവയിലൂടെ ഹോട്ട്‌സ്റ്റാറിനും ഷോപ്പിംഗ്, കിന്‍ഡില്‍, മ്യൂസിക് സ്ട്രീമിംഗ്, പാന്‍ ഇന്ത്യന്‍ സിനിമകള്‍ തുടങ്ങിയവയിലൂടെ ആമസോണും വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine