പഴയ പ്രതാപം വീണ്ടെടുക്കാന്‍ അംബാനി; കാമ്പ കോളയ്ക്ക് പിന്നാലെ കെല്‍വിനേറ്ററും ബി.പി.എല്ലും! എഫ്.എം.സി.ജി റിലയന്‍സ് പിടിക്കുമോ?

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഗൃഹാതുരത്വം മുതലെടുത്ത് എഫ്.എം.സി.ജി, ഇലക്ട്രോണിക്‌സ് വിപണികളില്‍ വന്‍ കുതിപ്പിന് ഒരുങ്ങി റിലയന്‍സ്
Mukesh Ambani
Published on

ടെലികോം വിപണിയില്‍ ജിയോയിലൂടെ വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനി ഇപ്പോള്‍ കണ്ണുവെക്കുന്നത് ഇന്ത്യക്കാരുടെ നിത്യജീവിതത്തിലെ പഴയ പ്രിയ ബ്രാന്‍ഡുകളിലാണ്. 70-കളിലും 80-കളിലും ഇന്ത്യന്‍ വിപണി ഭരിച്ചിരുന്ന കാമ്പ കോള (Campa Cola), കെല്‍വിനേറ്റര്‍ (Kelvinator), ബി.പി.എല്‍ (BPL) തുടങ്ങിയ ബ്രാന്‍ഡുകളെ പൊടിതട്ടിയെടുത്ത് വീണ്ടും വിപണിയില്‍ എത്തിക്കുകയാണ് റിലയന്‍സ് റീട്ടെയ്ല്‍. ഇഷാ അംബാനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ നീക്കം ആഗോള ഭീമന്മാരായ കൊക്കക്കോള, പെപ്സി, സാംസംഗ്, എല്‍.ജി എന്നിവര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

തന്ത്രം ഇങ്ങനെ

പഴയ തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ട ബ്രാന്‍ഡുകളെ തിരികെ കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം വേഗത്തില്‍ നേടിയെടുക്കാന്‍ റിലയന്‍സിന് സാധിക്കുന്നു. വിപണിയിലുള്ള മറ്റ് മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ വിലയിലാണ് റിലയന്‍സ് ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. റിലയന്‍സിന്റെ സ്വന്തം റീട്ടെയ്ല്‍ സ്റ്റോറുകള്‍ക്ക് പുറമെ, ലക്ഷക്കണക്കിന് കിരാന സ്റ്റോറുകളിലൂടെയും ജിയോ മാര്‍ട്ട് വഴിയും ഉല്‍പന്നങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നു. ഇതിലൂടെ ചെറുകിട പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വേഗത്തിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ റിലയൻസ് ലക്ഷ്യമിടുന്നു.

ഈ വിജയം ഇലക്ട്രോണിക്‌സ് ബ്രാന്‍ഡിലും ഉറപ്പാക്കാനാണ് റിലയന്‍സ് റീറ്റെയ്ല്‍ ശ്രമിക്കുന്നത്. ബി.പി.എൽ, കെൽവിനേറ്റർ എന്നീ ബ്രാൻഡുകളെ യുവതലമുറയുമായി ബന്ധിപ്പിക്കുന്നതിനായുള്ള വമ്പൻ പ്രചാരണ പരിപാടികൾക്ക് റിലയൻസ് തുടക്കമിടുകയാണ്. കെല്‍വിനേറ്ററിന്റെ 'The Coolest One' പോലുള്ള പരസ്യവാചകങ്ങള്‍ ഇന്നും ജനമനസ്സുകളിലുണ്ട്.

ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപണിയിലെ കുറഞ്ഞ വ്യാപനം (Penetration) റിലയൻസിന് വലിയ വളർച്ചാ സാധ്യതയാണ് നൽകുന്നത്. നിലവിൽ ഇന്ത്യയിൽ ഫ്ലാറ്റ് പാനൽ ടിവികളുടെ ഉപയോഗം 15-18 ശതമാനവും റഫ്രിജറേറ്ററുകളുടേത് 40 ശതമാനവു, വാഷിംഗ് മെഷീനുകളുടേത് 20 ശതമാനവുമാണ്. എയർ കണ്ടീഷണറുകളുടെ (AC) വ്യാപനം 10 ശതമാനത്തിൽ താഴെ മാത്രമാണ്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ വിപണിയിൽ വലിയ രീതിയിൽ പടർന്നുപന്തലിക്കാൻ റിലയൻസിന് സാധ്യതകളുണ്ട്.

സോഫ്റ്റ് ഡ്രിങ്ക് വിപണിക്ക് പിന്നാലെ

റിലയന്‍സ് ഏറ്റെടുത്ത ശേഷം മികച്ച മുന്നേറ്റമാണ് സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ കാമ്പ കോള കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഈ ബ്രാന്‍ഡ് വഴി 400 കോടി രൂപയുടെ വില്‍പന നടന്നതായാണ് കണക്കുകള്‍.

കെല്‍വിനേറ്റര്‍, ബി.പി.എല്‍ എന്നീ ബ്രാന്‍ഡുകളിലൂടെ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍ വിപണിയില്‍ വലിയ വിഹിതം പിടിച്ചെടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കെല്‍വിനേറ്റര്‍ ബ്രാന്‍ഡ് സ്വന്തമാക്കാന്‍ ഏകദേശം 160 കോടി രൂപയാണ് റിലയന്‍സ് ചെലവാക്കിയത്.

ലക്ഷ്യം 1 ലക്ഷം കോടി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എഫ്.എം.സി.ജി (FMCG) മേഖലയില്‍ നിന്ന് മാത്രം ഒരു ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഇഷാ അംബാനി ലക്ഷ്യമിടുന്നത്. ഇതിനായി റവല്‍ഗാവ് (Ravalgaon) മിഠായികള്‍, വെല്‍വെറ്റ് (Velvette) ഷാംപൂ തുടങ്ങിയ ബ്രാന്‍ഡുകളെയും റിലയന്‍സ് ശൃംഖലയുടെ ഭാഗമാക്കിയിട്ടുണ്ട്.

സോഫ്റ്റ് ഡ്രിങ്കുകള്‍ പോലെ പെട്ടെന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങളില്‍ കാമ്പ കോള വിജയിച്ചെങ്കിലും, വലിയ തുക മുടക്കി വാങ്ങുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ കെല്‍വിനേറ്ററിനും ബി.പി.എല്ലിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യൻ വിപണിയിൽ ആഗോള ബ്രാൻഡുകൾക്ക് വലിയ സ്വാധീനമാണുള്ളത്. എൽ.ജി (LG), സാംസങ് (Samsung), സോണി (Sony) തുടങ്ങിയ കമ്പനികൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെ സജീവമാണ്, ഇത് വിപണിയിൽ അവരുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. ഹെയർ (Haier), വോൾട്ടാസ് ബെക്കോ (Voltas Beko) തുടങ്ങിയ പുതിയ ബ്രാൻഡുകൾ പോലും അതിവേഗത്തിലാണ് വിപണി വിഹിതം പിടിച്ചെടുക്കുന്നത്.

ഈ ബ്രാന്‍ഡുകളുടെ സാങ്കേതിക മികവിനോട് മത്സരിക്കുക എന്നത് റിലയന്‍സിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com