200 കോടി ഡോളര്‍ വായ്പ തേടി മുകേഷ് അംബാനി; ലക്ഷ്യം റിലയന്‍സിന്റെ വിപുലീകരണം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഇന്ധനം മുതല്‍ ടെലികോം വരെയുള്ള ബിസിനസുകളുടെ വിപുലീകരണത്തിനൊരുങ്ങി മുകേഷ് അംബാനി. ഇതിനായി കമ്പനി 200 കോടി ഡോളറിന്റെ വിദേശ-കറന്‍സി വായ്പയ്ക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

മൂലധനച്ചെലവിനും വായ്പ തിരിച്ചടവിനും

വായ്പയായി ലഭിക്കുന്ന തുക മൂലധനച്ചെലവിനും സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാകുന്ന മറ്റൊരു വായ്പയുടെ തിരിച്ചടവിനും ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പ്, സിറ്റിഗ്രൂപ്പ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പി.എല്‍.സി എന്നീ ധനകാര്യ സ്ഥാപനങ്ങളുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടിട്ടില്ല.

ലക്ഷ്യങ്ങള്‍ പലത്

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 7,500 കോടി ഡോളര്‍ പുനരുപയോഗ ഊര്‍ജത്തില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി കഴിഞ്ഞ വര്‍ഷം 300 കോടി ഡോളര്‍ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി. ദക്ഷിണേഷ്യന്‍ രാജ്യത്തുടനീളം 5ജി നെറ്റ്വര്‍ക്ക് സേവനങ്ങള്‍ കമ്പനി പുറത്തിറക്കും. ഇതിന് 2,500 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം വിവിധ തരം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനി 200 കോടി ഡോളര്‍ വായ്പ തേടുന്നത്.


Related Articles
Next Story
Videos
Share it