അദാനി മറ്റൊരു സിമന്റ് കമ്പനി കൂടി സ്വന്തമാക്കുന്നു

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിലെ അംബുജ സിമന്റ്‌സ് ഗുജറാത്ത് കമ്പനിയായ സാംഘി ഇന്‍ഡസ്ട്രീസിനെ സ്വന്തമാക്കുന്നു. 6,000 കോടി രൂപ (72 കോടി ഡോളര്‍) വിപണി വില കണക്കാക്കിയാണ് കരാര്‍ എന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാൽ എത്ര ശതമാനം ഓഹരികൾ വാങ്ങുമെന്ന് വ്യക്തമല്ല.

സിമന്റ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് അദാനി ഗ്രൂപ്പ്. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ അള്‍ട്രാടെക് ആണ് ഒന്നാമത്. അംബുജാ സിമന്റ്‌സിനും ഉപകമ്പനിയായ എ.സി.സി ലിമിറ്റഡിനും സംയുക്തമായി 650 ലക്ഷം ടണ്‍ സിമന്റ് ഉത്പാദന ശേഷിയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ഫാക്‌റികളുമുണ്ട്. 61 ലക്ഷം ടണ്‍ സിമന്റ് ഉത്പാദന ശേഷി ഉള്ള കമ്പനിയാണ് ഗുജറാത്ത് ആസ്ഥാനമായ സാംഘി.
സിമന്റ് വ്യവസായത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.

അംബുജ ഓഹരി താഴേക്ക്

ഒന്നാം പാദ ലാഭത്തില്‍ 38 ശതമാനം കുറവു വന്ന അംബുജ സിമന്റ്‌സ് ഓഹരി ഇന്ന് ഒന്നര ശതമാനം ഇടിഞ്ഞു. 644.88 കോടി രൂപയാണ് അംബുജ സിമന്റിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1,048 കോടിയായിരുന്നു. കമ്പനിയുടെ വരുമാനം 18.4 ശതമാനം ഉയര്‍ന്ന് 4,730 കോടിയായി.
അതെസമയം, സാംഘി ഓഹരി ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് 100 രൂപയായി. മൂന്നു ദിവസത്തിനകം ഓഹരി 10 ശതമാനത്തോളം കയറി. ഈ വര്‍ഷം ഇതുവരെ ഓഹരി 40 ശതമാനത്തിലധികം ഉയര്‍ച്ച നേടിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it