ഇനി അമേരിക്കയിലും നുണയാം അമുല്‍ പാല്‍; മോരും തൈരും പിന്നാലെ
ഇന്ത്യയിലെ പ്രമുഖ പാല്‍, പാലുത്പന്ന ബ്രാന്‍ഡായ അമുല്‍ അമേരിക്കയിലേക്കും ചുവടുവയ്ക്കുന്നു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്) ആദ്യമായി ഇന്ത്യക്ക് പുറത്തേക്ക് പാല്‍ കയറ്റുമതി ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ അമുല്‍ പാലിന്റെ അമുല്‍ താസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ സ്ലിം എന്‍ ട്രിം എന്നീ നാല് വേരിയന്റുകള്‍ യു.എസ് വിപണിയില്‍ അവതരിപ്പിക്കും.
എം.എം.പി.എയുമായി കൈകോര്‍ത്തു
പതിറ്റാണ്ടുകളായി അമുല്‍ 50 ഓളം രാജ്യങ്ങളില്‍ വിവിധ പാലുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ആദ്യമായാണ് കമ്പനി ഇന്ത്യയ്ക്ക് പുറത്ത് പാല്‍ പുറത്തിറക്കുന്നതെന്ന് ജി.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത പറഞ്ഞു. ഇതിനായി ഫെഡറേഷന്‍ 108 വര്‍ഷം പഴക്കമുള്ള സഹകരണ സംഘടനയായ മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി (എം.എം.പി.എ) സഹകരിച്ചിട്ടുണ്ട്.
മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പാല്‍ ശേഖരണവും സംസ്‌കരണവും കൈകാര്യം ചെയ്യുമ്പോള്‍, ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അമുല്‍ ഫ്രഷ് പാലിന്റെ വിപണനത്തിനും ബ്രാന്‍ഡിംഗിനും മേല്‍നോട്ടം വഹിക്കും.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഷിക്കാഗോ, വാഷിംഗ്ടണ്‍, ഡാലസ്, ടെക്സസ് തുടങ്ങിയ പ്രധാന നഗരങ്ങളെയാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും പ്രവാസി ഇന്ത്യക്കാരെയും ഏഷ്യന്‍ വിഭാഗക്കാരെയും കേന്ദ്രീകരിച്ചാകും വില്‍പ്പന നടത്തുക. പനീര്‍, തൈര്, മോര് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളും ഇവിടങ്ങളില്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.