പ്ലാസ്റ്റിക് സ്ട്രോ നിരോധനം; എന്തുകൊണ്ടാണ് അമൂല്‍ സാവകാശം തേടുന്നത്
പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടണമെന്ന ആവശ്യവുമായി രാജ്യത്തെ പ്രമുഖ പാലുല്‍പ്പന്ന നിര്‍മാതാക്കളായ അമൂല്‍(Amul). ഈ വര്‍ഷം ജൂലൈ ഒന്ന് മുതലാണ് രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരോധനം നിലവില്‍ വരുന്നത്. ഈ സാഹര്യത്തിലാണ് സാവകാശം തേടി അമൂല്‍ കേന്ദ്രത്തെ സമീപിച്ചത്.
ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ പേപ്പര്‍ സ്‌ട്രോകള്‍ക്ക് ക്ഷമം നേരിടുന്ന സാഹചര്യത്തിലാണ് അമൂലിന്റെ നടപടി. വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്ക് കത്തയച്ചതായി ഗുജറാത്ത് കോപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) ഡയറക്ടര്‍ ആര്‍.എസ് സോദി പറഞ്ഞതു. അമൂല്‍ ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് ജിസിഎംഎംഎഫ് ആണ്.
ലസി, പാല്, മോര്, പ്രോട്ടീന്‍ ഡ്രിങ്ക് തുടങ്ങിയവ പ്ലാസ്റ്റിക് സ്‌ട്രോയോട് കൂടിയ ടെട്രോ പാക്കിലാണ് അമൂല്‍ വില്‍ക്കുന്നത്. ദിവസം 10-12 ലക്ഷം പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഇതിനായി അമൂല്‍ ഉപയോഗിക്കുന്നുണ്ട്. പേപ്പര്‍ സ്‌ട്രോ നിര്‍മിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് അമൂല്‍ താവകാശം തേടുന്നത്. നേരത്തെ ഫ്രൂട്ടി, ആപ്പി തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പാര്‍ലെ അഗ്രോയും പ്ലാസ്റ്റിക് സ്ട്രോ നിരോധനം നടപ്പാക്കാനുള്ള സമയപരിധി ആറ് മാസത്തേക്ക് നീട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ പാര്‍ലെ പേപ്പര്‍ സ്‌ട്രോ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. 10 രൂപയ്ക്ക് നല്‍കുന്ന ഉല്‍പ്പന്നത്തിന്റെ കൂടെ ഇറക്കുമതി ചെയ്യുന്ന സ്‌ട്രോ നല്‍കുന്നത് സുസ്ഥിരമല്ല എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉല്‍പാദനം, ഇറക്കുമതി, സംഭരണം,വിതരണം, വില്‍പ്പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രം പുറത്തിറത്തിയത്.