Begin typing your search above and press return to search.
അക്കൗണ്ട് തുടങ്ങാം, വായ്പയ്ക്കും അപേക്ഷിക്കാം; വരുന്നൂ മിനി ബാങ്ക് എ.ടി.എമ്മുകള്‍
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി (NPCI) ചേര്‍ന്ന് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ് രാജ്യത്തെ ആദ്യ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത കാഷ് റീസൈക്ലിംഗ് മെഷീന്‍ (CRM) അവതരിപ്പിച്ചു. വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരുകുടക്കീഴില്‍ ഒരുക്കുന്ന ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റായും ഈ കാഷ് റീസൈക്ലിംഗ് മെഷീന്‍ പ്രവര്‍ത്തിക്കും.
ക്യു.ആര്‍ കോഡ് ഉപയോഗിച്ച് യു.പി.ഐ വഴി പണം പിൻവലിക്കൽ, പണം നിക്ഷേപിക്കല്‍ എന്നിവ കൂടാതെ അക്കൗണ്ട് തുടങ്ങാനും ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, ഇന്‍ഷുറന്‍സ്, എം.എസ്.എം.ഇ വായ്പ എന്നിവയ്ക്ക് അപേക്ഷിക്കാനും സാധിക്കും. ഫാസ്ടാഗ് റീചാര്‍ജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇതിലുണ്ടാകും.
ഗ്രാമപ്രദേശങ്ങളില്‍ പോലും ഇടപാടുകാര്‍ക്ക് തടസങ്ങളില്ലാതെ സേവനം ലഭ്യമാക്കാമെന്നതാണ് ഇതിന്റെ ഗുണം. കാർഡുകളും മറ്റും കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാകും. മാത്രമല്ല എല്ലാ സമയവും (24X7) പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കുകള്‍ തുറക്കുന്നതു വരെ ഇടപാടുകള്‍ക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. നിലവില്‍ ബാങ്കുകള്‍ ഈ എ.ടി.എം അവതരിപ്പിച്ചിട്ടില്ലെങ്കിലും അധികം താമസിയാതെ പലയിടങ്ങളിലും എത്തിയേക്കും. ബ്രാഞ്ചുകളോട് ചേര്‍ന്നുള്ളതല്ലാത്ത സ്ഥലങ്ങളിലാകും എ.ടി.എം സ്ഥാപിക്കുക എന്നാണ് അറിയുന്നത്.
Next Story
Videos