

ഏഷ്യയിലെ ഏറ്റവും വലിയ സിംഗിൾ-ലൊക്കേഷൻ ഇന്റഗ്രേറ്റഡ് സോളാർ ആൻഡ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാനൊരുങ്ങി അനില്‍ അംബാനി. ഇതിനായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവറിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻയു സൺടെക് പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) 25 വർഷത്തെ പവർ പർച്ചേസ് കരാറിൽ ഒപ്പുവച്ചു.
10,000 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 930 മെഗാവാട്ട് സൗരോർജം ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു കിലോവാട്ടിന് 3.53 രൂപ താരിഫ് നിരക്കിലാണ് വൈദ്യുതി വിതരണം ചെയ്യുക. കുറഞ്ഞ ചെലവിലുള്ള സുസ്ഥിര ഊർജ പരിഹാരങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിലേക്കുളള പ്രധാന ചുവടുവയ്പ്പുകളിലൊന്നായാണ് കരാർ കണക്കാക്കുന്നത്.
മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് കമ്പനി കരാര്‍ നേടിയത്. 2,000 മെഗാവാട്ട് ഇന്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം (ISTS) സോളാർ പദ്ധതികൾക്കും 1,000 മെഗാവാട്ട്/4,000 മെഗാവാട്ട്-അവര്‍ BESS ശേഷിക്കും വേണ്ടി അഞ്ച് പ്രമുഖ ഊർജ കമ്പനികളാണ് ബിഡ്ഡിംഗില്‍ പങ്കെടുത്തത്.
2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ റിലയൻസ് പവർ 41.95 കോടി രൂപ ലാഭം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 1,136.75 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ ശേഷമാണ് കമ്പനി തിരിച്ചു വരവ് നടത്തിയത്. മൊത്തം വരുമാനം 1,998.79 കോടി രൂപയിൽ നിന്ന് 2,159.44 കോടി രൂപയായും ഉയർന്നു. അതേസമയം മൂന്നാം പാദത്തിൽ ചെലവുകള്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിലെ 3,167.49 കോടി രൂപയില്‍ നിന്ന് 2,109.56 കോടി രൂപയായി കുറഞ്ഞു.
കരാര്‍ പ്രഖ്യാപനത്തെത്തുടർന്ന്, റിലയൻസ് പവറിന്റെ ഓഹരികൾ 0.63 ശതമാനം ഉയർന്ന് 40.24 രൂപയിലാണ് ക്ലോസ് ചെയ്തത്.
Anil Ambani to build Asia’s largest integrated solar-BESS project with ₹10,000 crore investment, boosting Reliance Power’s market momentum.
Read DhanamOnline in English
Subscribe to Dhanam Magazine