ഗ്ലോബല്‍ ബൂട്ട്‌സ് ഏറ്റെടുക്കാന്‍ ഒന്നിച്ച് റിലയന്‍സും അപ്പോളോയും
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുകെ ആസ്ഥാനമായ ഡ്രഗ്‌സ്‌റ്റോര്‍ ചെയിന്‍ ബൂട്ട്‌സിനെ (Boots) ഏറ്റെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും (RIL) അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റും (Apollo) ഒന്നിക്കുന്നു. ഇരു സ്ഥാപനങ്ങളും സംയുക്തമായാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. റിലയന്‍സും അപ്പോളോയും ചേര്‍ന്ന് 7-8 ബില്യണ്‍ ഡോളറിന്റെ ഓഫര്‍ മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്.
ബൂട്ട്‌സിനെ ഏറ്റെടുക്കാന്‍ രംഗത്തുള്ള ബ്രിട്ടണിലെ ഇസാ ബ്രദേഴ്‌സിനെ ഉള്‍പ്പെടയുള്ളവരെ മറികടക്കാന്‍ അപ്പോളോയുമായുള്ള സഹകരണം റിലയന്‍സിനെ സഹായിക്കും എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍ഗ്രീന്‍സ് ബൂട്ട്‌സ് അലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബൂട്ട്‌സ്. യുകെ, അയര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, നെതര്‍ലാന്‍ഡ്സ്, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് 2200 സ്‌റ്റോറുകളോളം ഉണ്ട്.
വാള്‍ഗ്രീന്‍സ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബൂട്ട്‌സിനെ വില്‍പ്പനയ്ക്ക് വെച്ചത്. ബൂട്ട്‌സിനെ ഏറ്റെടുക്കാനായാല്‍ ഇന്ത്യയ്ക്ക് വെളിയിലുള്ള റിലയന്‍സിന്റെ ഏറ്റവും വലിയ ഇടപാടാവും ഇത്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഹെല്‍ത്ത് കെയര്‍ രംഗത്തെ സാന്നിധ്യം വര്‍ധിപ്പിക്കാനും റിലയന്‍സിന് സാധിക്കും. നേരത്തെ ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പായ നെറ്റ്‌മെഡ്‌സിനെയും ഇന്റലിജന്‍സ് ആന്‍ഡ് ക്ലൗഡ് ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോം കെയര്‍എക്‌സ്‌പേര്‍ട്ടിനെയും (karexpert) റിലയന്‍സ് ഏറ്റെടുത്തിരുന്നു.