ലക്ഷ്യം 100 കോടി വരുമാനം; അപ്പോളോ ഹോസ്പിറ്റല്‍സുമായി ചേര്‍ന്ന് ആയുര്‍വൈദ്

ആരോഗ്യപരിചരണം എന്നത് എല്ലാ ചികിത്സരീതിയും സംയോജിപ്പിച്ച് കൊണ്ടുള്ളതാണെന്ന് ഇന്നത്തെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളും ഹെല്‍ത്ത് കെയര്‍ സെന്ററുകളും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനാല്‍ തന്നെ കോവിഡിന് ശേഷമുള്ള ഈ മേഖലയിലെ മുന്നേറ്റങ്ങളും കാണാം. ഇപ്പോളിതാ മലയാളിയായ രാജീവ് വാസുദേവന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ 'ആയുര്‍വൈദ്' ഹോസ്പിറ്റല്‍സ് രാജ്യത്തെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ അപ്പോളോ ഹോസ്പിറ്റലുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

ആയുര്‍വൈദ് ശൃംഖലയുടെ 60% ഓഹരികളാണ് അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. 26 കോടി രൂപയുടെ ഇടപാടാണിതെന്ന് കമ്പനി അറിയിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 15 കോടിരൂപ വരുമാന ലക്ഷ്യമാണ് പുതിയ പങ്കാളിത്തം കൊണ്ട് ലക്ഷ്യമിടുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയാണ് വരുമാനലക്ഷ്യം.
നിലവിലെ ആശുപത്രികള്‍ വിപുലീകരിക്കാനും പുതിയവ ആരംഭിക്കാനും ഡിജിറ്റല്‍ മാര്‍ഗത്തിലുള്‍പ്പെടെയുള്ള ബിസിനസ് വളര്‍ച്ചയ്ക്കും പുതിയ മൂലധനനിക്ഷേപം ഉപയോഗിക്കും. കൊച്ചി, ബെംഗളൂരു, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി 9 ആശുപത്രികളാണ് ആയുര്‍വൈദിനുള്ളത്. രാജ്യമെമ്പാടും ആശുപത്രികളുള്ള അപ്പോളോ ഹോസ്പിറ്റല്‍സിനൊപ്പം ചേര്‍ന്നുകൊണ്ട് അലോപ്പതി-ആയുര്‍വേദ കൂട്ടുകെട്ടില്‍ രാജ്യമെമ്പാടും ആഗോള തലത്തിലേക്കും സാന്നിധ്യമറിയിക്കാന്‍ തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നതായി രാജീവ് വാസുദേവന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ചിട്ടയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ക്ലിനിക്കുകളുടെ ഒരു സംസ്‌കാരം രൂപപ്പെടുത്താന്‍ ആയുര്‍വൈദിന് കഴിഞ്ഞിട്ടുണ്ട്. പുതിയ ഏറ്റെടുക്കല്‍ സേവനം മികച്ചതാക്കാന്‍ തങ്ങളെ സഹായിക്കുമെന്നതാണ് വിശ്വാസം. രോഗികളുടെ
ലൈഫ്‌സൈക്കിളിനോട് ചേര്‍ന്ന് നിന്ന് വൈവിധ്യമാര്‍ന്ന സേവനമാകും ഇനി തങ്ങള്‍ നല്‍കുക എന്നും അദ്ദേഹം വിശദമാക്കി.
ആയുര്‍വേദ രംഗത്ത് വര്‍ഷങ്ങളുടെ സേവനപാരമ്പര്യമുള്ള ആയുര്‍വൈദുമായി കൈകോര്‍ക്കുന്നത് സുപ്രധാന ചുവടാണെന്ന് അപ്പോളോ ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി അറിയിച്ചു. അലോപ്പതി ചികിത്സ തേടിയെത്തുന്നവര്‍ക്ക് ആയുര്‍വേദവും ഒരു കുടക്കീഴില്‍ നല്‍കാന്‍ തങ്ങള്‍ക്ക് ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it