

അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസിനു (Apollo Hospitals Enterprise Limited /AHEL) കീഴിലുള്ള ഫാര്‍മസി, ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസുകളെ അടുത്ത 18-21 മാസത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നതായി കമ്പനി അറിയിച്ചു. കമ്പനി പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ഫാര്‍മസി, ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസുകളെ വേര്‍പെടുത്താന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. വേര്‍പെടുത്തുന്ന ബിസിനസുകള്‍ ഇനി ന്യൂകോ എന്ന പുതിയ പേരിലാകും അറിയപ്പെടുക.
കോമ്പോസിറ്റ് സ്‌കീം ഓഫ് അറേഞ്ച്‌മെന്റ് എന്ന നിയമപരമായ ഒരു പ്രക്രിയയിലൂടെയാണ് അപ്പോളോ ഹെല്‍ത്ത്‌കോയെ ന്യൂകോ എന്ന പുതിയ കമ്പനിയായി പുനഃസംഘടിപ്പിക്കുന്നത്. അപ്പോളോ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ മൊത്തവിതരണ ഫാര്‍മസ്യൂട്ടിക്കല്‍ വിതരണക്കമ്പനിയായ കീമെഡിനെ ന്യൂകോയുമായി ലയിപ്പിക്കും.
അപ്പോളോ ഹോസ്പിറ്റല്‍ ഓഹരിയുടമകള്‍ക്ക് പുതിയ സ്ഥാപനത്തില്‍ നേരിട്ട് ഓഹരികള്‍ ലഭിക്കും. അപ്പോളോ ഹോസ്പിറ്റലിന്റെ ഓരോ 100 ഓഹരിക്കും 195.2 ഓഹരികള്‍ എന്ന അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക.
2025 സാമ്പത്തിക വര്‍ഷത്തില്‍ 16,300 കോടി (1.9 ബില്യണ്‍ ഡോളര്‍) രൂപ വരുമാനമുള്ള ഏറ്റവും വലിയ, സംയോജിത ഓമ്നിചാനല്‍ ഹെല്‍ത്ത്കെയര്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് ഈ നിര്‍ദ്ദിഷ്ട ഇടപാട് കാരണമാകുമെന്ന് കമ്പനി അറിയിച്ചു.
അപ്പോളോ 24/7, ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോംസ്, ഓഫ്‌ലൈന്‍ ഫാര്‍മ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ്, കീമെഡ്, ടെലി ഹെല്‍ത്ത് സര്‍വീസസ് എന്നിവയാണ് പുതിയ ബിസിനസില്‍ ഉള്‍പ്പെടുക. ഏകദേശം 25,000 കോടിയുടെ വരുമാനമാണ് 2027 സാമ്പത്തിക വര്‍ഷത്തോടെ പുതിയ ബിസിനസില്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത 18 -21 മാസത്തില്‍ ലിസ്റ്റിംഗ് നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനിയായി (Indian owned and controlled company /IOCC) ഇതോടെ ന്യൂകോ മാറും.
അപ്പോളോ ഹെല്‍ത്ത്‌കോയുടെ 100% ഉടമസ്ഥതയിലുള്ള അപ്പോളോ മെഡിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (AMPL) ശേഷിക്കുന്ന 74.5% ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് ഫ്രണ്ട്-എന്‍ഡ് ഫാര്‍മസി ബിസിനസ് ഏകീകരിക്കാനാണ് ന്യൂകോ പദ്ധതിയിടുന്നത്. റീറ്റെയില്‍ ഫാര്‍മസി ബിസിനസില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ ഇത് ന്യൂകോയെ സഹായിക്കും.
അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസിന് ന്യൂകോയില്‍ 15 ശതമാനം ഓഹരികളുണ്ടാകും. കൂടാതെ ന്യൂകോയുടെ ബോര്‍ഡില്‍ ഒരു നോമിനി ഡയറക്ടറും അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസില്‍ നിന്നുണ്ടാകും.
ബിസിനസ് വിഭജന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസ് ഓഹരികള്‍ നാല് ശതമാനത്തോളം ഉയര്‍ന്ന് 7,555 രൂപ വരെയെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 441 ശതമാനമാണ് ഓഹരിയുടെ നേട്ടം.
Read DhanamOnline in English
Subscribe to Dhanam Magazine