അപ്പോളോ ടയേഴ്‌സിന് 427 കോടി രൂപയുടെ ലാഭം; 276 ശതമാനം വര്‍ധന

പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്സിന് മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 427 കോടിരൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നാലിരട്ടിയാണ് (276 ശതമാനം )വര്‍ധന. 113 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ലാഭം. പ്രവര്‍ത്തന വരുമാനം 12 ശതമാനം ഉയര്‍ന്ന് 6,247 കോടി രൂപയായി. മുന്‍വര്‍ഷം 5,587.3 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 5,615 കോടിയില്‍ നിന്ന് 6,264 കോടി രൂപയിലെത്തി.

വാഹന വില്‍പന കൂടിയത് നേട്ടമായി
നികുതിക്കും പലിശയ്ക്കും മുന്‍പുള്ള വരുമാനം (EBITDA) 626 കോടി രൂപയില്‍ നിന്ന് 59 ശതമാനം വര്‍ധിച്ച് 9,99 കോടി രൂപയായി. വാണിജ്യ വാഹന വിപണി വിഭാഗത്തില്‍ മികച്ച വില്‍പ്പനയുണ്ടായതാണ് കമ്പനിക്ക് ഗുണമായത്. ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ വില്‍പ്പന 10ശതമാനം വര്‍ധനയോടെ 4,443 കോടി രൂപയായി. യൂറോപ് വിപണിയില്‍ വില്‍പ്പന 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,839 കോടി രൂപയുമായി.
പ്രത്യേക ലാഭവിഹിതവും
ഓഹരിയൊന്നിന് നാലു രൂപ ഡിവിഡന്‍ഡും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കൂടാതെ കമ്പനിയുടെ അമ്പതാം ജനറല്‍ മീറ്റിങ്ങിനോട് അനുബന്ധിച്ച് 0.50 ശതമാനം പ്രത്യേക ഡിവിഡന്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി വീണ്ടും നീരജ് കന്‍വറിനെ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. 2024 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. അപ്പോളോ ടയേഴ്സ് ഓഹരികള്‍ ബി.എസ്.ഇയില്‍ 1.42 ശതമാനം വര്‍ധനയോടെ 381.60 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
Next Story
Videos
Share it