

ഇന്ത്യയിലെ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനായി ടെക് ഭീമനായ ആപ്പിൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ ആപ്പിളിന്റെ വികസന പദ്ധതികൾക്കും ഉൽപ്പാദന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നിലവിലെ നിയമങ്ങൾ തടസമാകുന്നതായി ചൂണ്ടിക്കാട്ടിയാണ് നീക്കം.
വിൽപ്പന, വിതരണ ശൃംഖല, ഉൽപ്പാദനം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രാദേശിക നികുതി ചട്ടങ്ങളാണ് ആപ്പിളിന് പ്രധാനമായും തടസ്സമുണ്ടാക്കുന്നത്. ഇന്ത്യയെ ഒരു പ്രധാന ആഗോള ഉൽപ്പാദന കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. എന്നാൽ, നിലവിലുള്ള നികുതി ഘടനയും ചില നിയമപരമായ വ്യവസ്ഥകളും തങ്ങളുടെ വിപുലീകരണ ശ്രമങ്ങൾക്ക് വെല്ലുവിളിയാണെന്നാണ് കമ്പനിയുടെ നിലപാട്.
ഉല്‍പ്പാദനം ചൈനയ്ക്ക് പുറത്തേക്ക് വൈവിധ്യവൽക്കരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലെ സാന്നിധ്യം കമ്പനി വർദ്ധിപ്പിക്കുകയാണ്. ആപ്പിളിന്റെ കരാർ ഏറ്റെടുത്ത നിർമ്മാതാക്കളായ ഫോക്‌സ്‌കോണും ടാറ്റയും അഞ്ച് പ്ലാന്റുകൾ തുറക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ വിപണിയാണ് ഇന്ത്യ.
ഉയർന്ന ഇറക്കുമതി തീരുവകളും ചില നികുതി സമ്പ്രദായങ്ങളിലെ സങ്കീർണ്ണതകളും ആപ്പിളിന്റെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുന്നുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാനും പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഈ നിയമങ്ങൾ പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആപ്പിൾ ഇന്ത്യൻ അധികൃതരുമായി നടത്തിയ ചർച്ചകളിൽ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഉൽപ്പാദന ലക്ഷ്യങ്ങൾ കൈവരിക്കാനും ആപ്പിളിന് സാധിക്കണമെങ്കിൽ ഈ നികുതി തടസ്സങ്ങൾ നീക്കണം. സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് അനുസൃതമായി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ആപ്പിൾ തയ്യാറാണെങ്കിലും, നിക്ഷേപ സൗഹൃദമായ ഒരു നികുതി അന്തരീക്ഷം ഇതിന് അനിവാര്യമാണ്. ഈ വിഷയത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Apple in a move to reform tax policies in India to support its expansion and local manufacturing efforts.
Read DhanamOnline in English
Subscribe to Dhanam Magazine