സാംസംഗിനെ പിന്നിലാക്കി ആപ്പിള്‍; കഴിഞ്ഞപാദം കയറ്റുമതി ചെയ്തത് 60 ലക്ഷം 'ഇന്ത്യന്‍' ഐഫോണുകള്‍

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിക്കാരായി ആപ്പിള്‍. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസഗിനെ പിന്തള്ളിയാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറഞ്ഞു. ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ലക്ഷം വരുന്ന മൊത്തം കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം 49 ശതമാനമാണ്. ഇത് ഏകദേശം 60 ലക്ഷം ഐഫോണുകള്‍ വരും. അതേസമയം സാംസംഗിന്റെ വിപണി വിഹിതം 45 ശതമാനമായിരുന്നു.

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വെറും 9% മാത്രമായിരുന്നു. ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഫോക്സ്‌കോണിന്റെ ചെന്നൈ പ്ലാന്റില്‍, പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 15ന്റെ നിര്‍മ്മാണവും ആരംഭിച്ചിരുന്നു. ഇതേ പ്ലാന്റ് ഐഫോണ്‍ 15 പ്ലസ് മോഡലുകളുടെ ഉത്പാദനവും ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാംസംഗിന്റെ കയറ്റുമതി ഇടിഞ്ഞത്

വിയറ്റ്‌നാമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ഇന്ത്യയിലെ ദുര്‍ബലമായ പ്രകടനം മോശമായതിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കമ്പനിയുടെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ഫാക്ടറി വടക്കന്‍ വിയറ്റ്‌നാമിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം ഈ കാലയളവില്‍ ആപ്പിളിന്റെ ശ്രദ്ധ ചൈനയില്‍ നിന്ന് മാറി ഇന്ത്യ ആയി. തുടര്‍ന്ന് ഇന്ത്യയെ പ്രധാന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനായി ആപ്പിള്‍ പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ആപ്പിള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ ഐപോഡുകളും നിര്‍മ്മിച്ചേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it