മാര്‍ച്ച് പാദത്തില്‍ ആപ്പിള്‍ വിറ്റഴിച്ചത് 4.2 ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍

ജനുവരി-മാര്‍ച്ച് പാദത്തില്‍ ആപ്പിളിന്റെ വില്‍പ്പന 2.5 ശതമാനം കുറഞ്ഞ് 94.84 ബില്യണ്‍ ഡോളറിലെത്തി (7.78 ലക്ഷം കോടി രൂപ). എന്നാല്‍ പ്രതീക്ഷിച്ചതിലും ശക്തമായി ഐഫോണുകളുടെ വില്‍പ്പന നടന്നതായി ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് അഭിപ്രായപ്പെട്ടു. ഐഫോണ്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 51.33 ബില്യണ്‍ ഡോളര്‍ (4.2 ലക്ഷം കോടി രൂപ) രേഖപ്പെടുത്തി.

ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട്ഫോണ്‍ വ്യവസായം ഏകദേശം 15 ശതമാനം ചുരുങ്ങിപ്പോയപ്പോഴും, ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന ഉയര്‍ന്നു തന്നെ നിന്നു. ഈ പാദത്തില്‍ ആപ്പിള്‍ 24.16 ബില്യണ്‍ ഡോളര്‍ (2.14 ലക്ഷം കോടി രൂപ) ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 25.01 ബില്യണ്‍ ഡോളറായിരുന്നു (2.05 ലക്ഷം കോടി രൂപ).

പ്രതീക്ഷിച്ചതിലും ഇടിഞ്ഞു

ഐഫോണ്‍ മികച്ച വില്‍പ്പന കാഴ്ച്ചവച്ചിട്ടും മാക്, ഐപാഡ് ബിസിനസുകള്‍ മികച്ച പ്രകടനം നടത്തിയില്ല. ചില നിര്‍മാണ ഘടകങ്ങളിലെ ക്ഷാമം മൂലം രണ്ട് വിഭാഗങ്ങളിലെയും വില്‍പ്പന കുറയുമെന്ന് കമ്പനി കഴിഞ്ഞ പാദത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവലോകന പാദത്തില്‍ ഈ വിഭാഗങ്ങളിലെ വില്‍പ്പന പ്രതീക്ഷിച്ചതിലും കൂടുതല്‍ ഇടിഞ്ഞു. മാക്കില്‍ നിന്നുള്ള വരുമാനം 31 ശതമാനത്തിലധികം കുറഞ്ഞ് 7.17 ബില്യണ്‍ ഡോളറും. ഐപാഡില്‍ നിന്നുള്ള വരുമാനം 13% കുറഞ്ഞ് 6.67 ബില്ല്യണ്‍ ഡോളറുമായി.

മറ്റ് വരുമാനം

ആപ്പിളിന്റെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം 8.76 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ കമ്പനിയുടെ സേവന വരുമാനം 20.91 ബില്യണ്‍ ഡോളറാണ്. ആപ്പിളിന്റെ സേവന ബിസിനസില്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷനുകള്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നുള്ള വരുമാനം, ഗൂഗിള്‍ പോലുള്ള കമ്പനികളില്‍ നിന്നുള്ള സേര്‍ച്ച് ലൈസന്‍സുകളും മറ്റും ഉള്‍പ്പെടുന്നു. ആപ്പിള്‍ വാച്ച്, എയര്‍പോഡുകള്‍ എന്നിവയുള്‍പ്പെടെ ആപ്പിളിന്റെ വെയറബിള്‍സ് വിഭാഗത്തിലെ വില്‍പ്പന 1 ശതമാനം ഇടിഞ്ഞു.

മറ്റ് മേഖല

തായ്വാന്‍, ഹോങ്കോംഗ് എന്നിവ ഉള്‍പ്പെടുന്ന ആപ്പിളിന്റെ ചൈന മേഖലയിലെ ബിസിനസ് 17.81 ബില്യണ്‍ ഡോളര്‍ വില്‍പ്പന രേഖപ്പെടുത്തി. ഇത് മുന്‍ വര്‍ഷത്തെ 18.34 ബില്യണ്‍ ഡോളില്‍ നിന്ന് കുറഞ്ഞു. അതേസമയം ഏഷ്യാ പസഫിക് മേഖലയില്‍ 8.11 ബില്യണ്‍ ഡോളറായി വളര്‍ന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it