ട്രംപിന് അതൊക്കെ പറയാം പക്ഷേ, ബിസിനസ് നടക്കണം; ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പാദനം കൂട്ടാന്‍ ആപ്പിള്‍, പ്ലാന്റുമായി ഫോക്‌സ്‌കോണ്‍ മുന്നോട്ട്

പി‌എൽ‌ഐ പദ്ധതി പ്രകാരമുളള സബ്‌സിഡികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആപ്പിളും അതിന്റെ നിർമ്മാണ പങ്കാളികളുമാണ്
Apple, trump
Image courtesy: Canva, x.com/tim_cook
Published on

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം വര്‍ധിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഐഫോണിന്റ ഇന്ത്യയിലെ പ്രധാന കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ 150 കോടി ഡോളറിന്റെ പ്ലാന്റുമായി മുന്നോട്ട് പോകുകയാണെന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.

ചെന്നൈയിലെ കാഞ്ചീപുരത്ത് ഫോക്സ്കോണിന്റെ ഇന്ത്യയിലെ യൂണിറ്റുകളില്‍ ഒന്നായ യുഴാൻ ടെക്നോളജീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ 13,180 കോടി രൂപയുടെ പദ്ധതിക്ക് ഒക്ടോബറിൽ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിരുന്നു. ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ പുതിയ നിക്ഷേപം ഈ പ്ലാന്റിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രംപ് ചൈനയുമായി പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഉല്‍പ്പാദനം കൂട്ടാനുളള നടപടികളിലേക്ക് ആപ്പിള്‍ കടന്നത്. മൊത്തം ഐഫോണുകളുടെ 15 ശതമാനത്തോളം ഉത്പാദനമാണ് നിലവിൽ ഇന്ത്യയിൽ നടക്കുന്നത്. ഉടന്‍ തന്നെ ഉത്പാദനം നാലിലൊന്നായി ഉയർത്താനാണ് കമ്പനിക്ക് ഉദ്ദേശമുളളത്.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഇന്ത്യയില്‍ ഐഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാനുളള ആപ്പിളിന്റെ നടപടിയില്‍ നീരസം പ്രകടിപ്പിച്ചത്. ഇന്ത്യയിൽ നിർമ്മാണം നടത്തുന്നതിനോട് തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ആപ്പിള്‍ മേധാവി ടിം കുക്കിനോട് ട്രംപ് തുറന്നു പറയുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ പ്രധാന വിമര്‍ശനം.

എന്നാല്‍ ഫോക്സ്കോണ്‍ തമിഴ്നാട്ടിലെ ഡിസ്‌പ്ലേ മൊഡ്യൂൾ പ്ലാന്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് ഐഫോണ്‍ ഉത്പാദനം ആപ്പിള്‍ ഇന്ത്യയില്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2 ലക്ഷം കോടി രൂപ കടന്നിരുന്നു, ഇതിൽ ഐഫോൺ കയറ്റുമതി മാത്രം 1.5 ലക്ഷം കോടി രൂപയാണെന്നും കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണത്തിനായി 23,000 കോടി രൂപയുടെ പ്രോത്സാഹന നയത്തിന് കേന്ദ്ര സർക്കാർ മാർച്ചിൽ അംഗീകാരം നൽകിയിരുന്നു. പി‌എൽ‌ഐ പദ്ധതി പ്രകാരമുളള സബ്‌സിഡികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആപ്പിളും അതിന്റെ നിർമ്മാണ പങ്കാളികളുമാണ്. ആപ്പിളിന്റെ മൂന്ന് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, പെഗാട്രോൺ (ഇത് അടുത്തിടെ ടാറ്റ ഏറ്റെടുത്തു) എന്നിവയ്ക്കാണ് മൊത്തം തുകയുടെ 75 ശതമാനത്തിലധികവും ലഭിച്ചത്.

Apple and Foxconn expand iPhone production in India despite Trump's disapproval, aiming for 25% global output.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com