പ്രതീക്ഷകളെയും മറികടന്ന് ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം, ഒന്നാമനായി ആപ്പിള്‍

അമേരിക്കന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് ഒരു ലക്ഷം കോടി രൂപ മൂല്യം വരുന്ന ഐഫോണുകള്‍. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനയാണ് ഉത്പാദനത്തിലുണ്ടായിരിക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 65,000 കോടി രൂപ മൂല്യം വരുന്ന ഐഫോണുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയത് ലക്ഷം കോടി രൂപ മൂല്യമുള്ള ഐഫോണുകളാണെങ്കിലും നികുതിയും മറ്റ് രാജ്യങ്ങളിലെ ഡീലര്‍മാര്‍ജിനുമൊക്കെ ചേര്‍ക്കുമ്പോള്‍ മൂല്യം ഏകദേശം 1.7 ലക്ഷം
കോടി രൂപ
വരെയാകാം.
രാജ്യത്തെ പ്രോഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പി.എല്‍.ഐ) പ്രകാരം നിശ്ചയിച്ചിരുന്ന ലക്ഷ്യത്തേക്കാള്‍ മുകളിലാണ് ഉത്പദാനം. കമ്പനിയുടെ കോണ്‍ട്രാക്ട് മാനുഫാക്ചറിംഗിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാന്‍ ഇത് സഹായിക്കും.
മുന്നിൽ നിന്ന് നയിക്കാൻ
ചൈനയില്‍ നിന്ന് സപ്ലൈ ചെയിന്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി തുറന്നത്. മൂല്യം കണക്കാക്കിയാല്‍ രാജ്യത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മാണ കമ്പനിയാണ് ആപ്പിള്‍. 2018 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം മാത്രം വിപണി വിഹിതമിപ്പോള്‍ ആറ് ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് ആപ്പിള്‍.
ഇന്ത്യയെ മുഖ്യ ഹബാക്കി മാറ്റുമെന്ന ആപ്പിളിന്റെ വാഗ്ദാനം നിറവേറ്റുന്നതാണ് പുതിയ കണക്കുകള്‍.

ചൈനയില്‍ നിന്ന് ഉത്പാദനം മാറ്റുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളെ ഉള്‍പ്പെടുത്തി നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചു വരികയാണ് കമ്പനി. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്‌ട്രോണ്‍ എന്നിങ്ങനെ മൂന്ന് കോണ്‍ട്രാക്ട് മാനുഫക്ചറിംഗ് കമ്പനികളാണ് ആപ്പിളിന് ഇന്ത്യയിലുള്ളത്. ഈ മൂന്ന് കമ്പനികള്‍ക്കും പി.എല്‍.ഐ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും വലിയ ഉത്പാദകര്‍ 68 ശതമാനം വിഹിതമുള്ള ഫോക്‌സ്‌കോണ്‍ ആണ്. പെഗാട്രോണ്‍ 18 ശതമാനവും വിസ്‌ട്രോണ്‍ 14 ശതമാനവും സംഭാവന ചെയ്യുന്നു.

അഞ്ച് മോഡലുകള്‍

2023ല്‍ ആപ്പിള്‍ അഞ്ച് ഐഫോണ്‍ മോഡലുകളാണ് (11, 12, 13, 14, 15 ) ഉത്പാദിപ്പിച്ച് കയറ്റുമതി നടത്തിയത്. യു.എസ്, യൂറോപ്പ്. പശ്ചിമേഷ്യ എന്നിവിടങ്ങളാണ് മുഖ്യ വിപണി. 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തു നിന്ന് 5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) കയറ്റുമതി നടത്തിയ ഏക ബ്രാന്‍ഡാണ് ആപ്പിള്‍. രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണ്‍ കയറ്റുമതി ഇക്കാലയളവില്‍ 90,000 കോടി രൂപയുടേതായിരിന്നു. രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്താണ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it