കോവാക്‌സിന്‍ അംഗീകാരം; കൂടുതല്‍ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും

കോ വാകിസിന് അമേരിക്കയും യു കെയും ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ അനുമതി നല്‍കിയത് വിദേശരാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും പോകുന്നവര്‍ക്ക് സഹായകമാകുന്നു. ലോകാരോഗ്യ സംഘടന കോവാക്‌സിന് ഈ മാസം ആദ്യമാണ് അംഗീകാരം നല്‍കിയത്. ഇത് വാക്‌സിന്‍ എടുത്തവര്‍ക്ക് നിരവധി രാജ്യങ്ങളിലേക്കുള്ള പ്രവേശനാനുമതി കൂടിയാണ് നല്‍കുന്നതെന്നതിനാല്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ ദാതാക്കളും വീണ്ടും രാജ്യത്ത് സജീവമാകുകയാണ്.

വാക്‌സിനേഷന്‍ എടുത്ത ഇന്ത്യക്കാരുടെ യാത്രാ സൗകര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യസ, വിദേശ യാത്രാ മേഖലയിലുള്ളവര്‍ പറയുന്നത്. ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സിന്‍ കോവാക്‌സിന് അനുമതി നല്‍കിയ യുകെ നവംബര്‍ 22 ന് ശേഷമാണ് പ്രവേശനം അനുവദിക്കുക.
നിലവില്‍ നിരവധി രാജ്യങ്ങള്‍ കോവാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഇനിയും ചില രാജ്യങ്ങളില്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനമില്ല. ഇന്ത്യയില്‍ കോവിഡിനെതിരെ ഏറ്റവും കൂടുതല്‍ പേര്‍ കുത്തിവെക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കോവാക്‌സിന്‍. കോവിഷീല്‍ഡിന് യുകെയില്‍ കഴിഞ്ഞ മാസം തന്നെ അനുമതി ലഭിച്ചിരുന്നു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നവിയെടുത്തവരാണ് രാജ്യത്ത് അധികവും.
നവംബര്‍ എട്ട് മുതലാണ് കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. യു എസിന്റെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രകാരം ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ & ജോണ്‍സണ്‍, മഡോണ, ആസ്ട്രാസെനക, കോവിഷീല്‍ഡ്, സിനോഫാം, സിനോവാക് എന്നിവയില്‍ ഏതെങ്കിലും ഒരു വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം.
കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കിയ രാജ്യങ്ങള്‍
ബ്രിട്ടന്‍
യുഎസ്
സ്വിറ്റ്‌സര്‍ലന്റ്
ഒമാന്‍
നേപ്പാള്‍
ഇറാന്‍
ശ്രീലങ്ക
സിംബാബ് വേ
ഗയാന
പരാഗ്വേ
ഓസ്‌ട്രേലിയ
ഫിലീപ്പീന്‍സ്
മെക്‌സിക്കോ
മൗറീഷ്യസ്
ഗ്രീസ്
ഇന്ത്യയില്‍ നേരത്തെ തന്നെ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോ വാക്‌സിന് അംഗീകാരമുണ്ടായിരുന്നില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്‌സിന് ലഭിച്ചത് കോവാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് തടസ്സമില്ലാതെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള കൂടുതല്‍ അവസരങ്ങള്‍ തുറക്കും.
നേരത്തെ തന്നെ വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടിയിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഓണ്‍ലൈനിലൂടെയാണ് പഠനം നടത്തിയിരുന്നത്. കോവാക്‌സിന്‍ സ്വീകരിച്ചതിനാല്‍ മാത്രം ഇവിടെ കാത്തിരുന്നവരുണ്ട്. ഇവര്‍ക്ക് ക്യാംപസുകളില്‍ നേരിട്ടേത്തി പഠനം പൂര്‍ത്തിയാക്കാനും തൊഴില്‍ നേടാനും സാധിക്കും. രാജ്യത്തെ വിദേശ ഉപരിപഠന വിദ്യാഭ്യാസ വ്യവസായത്തിനും പുതിയ തീരുമാനം ഉണര്‍വാകും.

യുഎസ് ഗ്രൂപ്പ് ടൂറുകള്‍ക്കും പച്ചക്കൊടി

കോവിഡ് പിടിമുറുക്കിയതിനുശേഷമുള്ള ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള ആദ്യ ഗ്രൂപ്പ് യുഎസ് ടൂറിന് തുടക്കം. നെടുമ്പാശ്ശേരിയില്‍ നിന്ന് ദോഹ വഴി ന്യൂയോര്‍ക്കിലേയ്ക്ക് പറന്ന ഖത്തര്‍ എയര്‍വേയ്സിന്റെ ക്യൂആര്‍ 517/701 ഫ്ളൈറ്റിലാണ് സംഘം 15 ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയതെന്ന് ഗ്രൂപ്പ് ടൂര്‍ സംഘടിപ്പിച്ച കേരളത്തിലെ മുന്‍നിര ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് എംഡി എം കെ സോമന്‍ പറഞ്ഞു.

സംഘം ന്യൂയോര്‍ക്ക്, ഫിലഡെല്‍ഫിയ, പെന്‍സില്‍വാനിയ, വാഷിംഗ്ടണ്‍ ഡിസി, നയാഗ്ര, സാന്‍ഫ്രാന്‍സിസ്‌കോ, ലോസ്ഏഞ്ചല്‍സ്, ലാസ് വേഗസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 'കോവിഡിനു ശേഷം ഇന്ത്യയില്‍ നിന്ന് അമേരിയ്ക്കയിലേക്കുള്ള ആദ്യത്തെ ഔട്ട്ബൗണ്ട് ടൂര്‍ മാത്രമല്ല അമേരിയ്ക്കയിലേയ്ക്ക് ലോകത്തിന്റെ എവിടെ നിന്നുമുള്ള ആദ്യത്തെ ഇന്‍ബൗണ്ട് ടൂര്‍ കൂടിയാണിതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്,' സോമന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലം മുഴുവന്‍ ഇത്തരമൊരു അവസരത്തിന് കാതോര്‍ക്കുകയായിരുന്നുവെന്നും അങ്ങനെയാണ് തയ്യാറെടുപ്പുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഈ അസുലഭ മുഹൂര്‍ത്തത്തില്‍ കേരളത്തിന് അഭിമാനമേകാന്‍ കഴിഞ്ഞതെന്നും സോമന്‍ പറഞ്ഞു.

ഗ്രൂപ്പിന് ആത്മവിശ്വാസമേകാന്‍ ഒരു വനിതയാണ് - സോമന്‍സിന്റെ ഡയറക്ടര്‍ കൂടിയായ ജീനാ ഫെര്‍ണാണ്ടസ് - സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന സവിഷേതയുമുണ്ട്. സംഘത്തിലെ 24 പേരില്‍ 22 പേരും ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന് ജീനാ ഫെര്‍ണാണ്ടസ് പറഞ്ഞു.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it