ക്രിസ്മസ്-പുതുവത്സരകാലം: ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കത്തുന്നു

അവധിക്കാലം വീണ്ടും പടിവാതിലില്‍ എത്തിയതോടെ യാത്രക്കാരെ പിഴിയാന്‍ തയ്യാറെടുത്ത് വിമാനക്കമ്പനികള്‍. ക്രിസ്മസ്-പുതുവത്സരകാലം അടുത്തിരിക്കേ ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് വില മാത്രം അഞ്ചിരട്ടിയായാണ് കൂടിയത്.

ദുബൈയിലേക്ക് കോഴിക്കോട്ട് നിന്നുള്ള നിലവിലെ നിരക്ക് ശരാശരി 11,000 രൂപയാണ്. ഡിസംബര്‍ അവസാന ആഴ്ചയിലെ നിരക്കാകട്ടെ 25,000 രൂപയ്ക്ക് മുകളിലും. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള നിലവിലെ നിരക്ക് ശരാശരി 7,000 രൂപ. തിരിച്ചുള്ള ടിക്കറ്റ് നിരക്ക് ഡിസംബര്‍ അവസാന ആഴ്ചയിലേക്ക് 17,000 രൂപ മുതല്‍ 50,000 രൂപയ്ക്ക് മുകളില്‍ വരെയാണ്.
കത്തുന്ന ടിക്കറ്റ് നിരക്ക്
ഓണം, ക്രിസ്മസ്, വേനല്‍ക്കാലം തുടങ്ങി അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് വിമാനക്കമ്പനികളുടെ പതിവ് തന്ത്രമാണ്. കോഴിക്കോട്ട് നിന്ന് അബൂദബിയിലേക്ക് ശരാശരി 10,000 രൂപയെന്നുള്ളത് അവധിക്കാലത്ത് 28,000 രൂപവരെയാകും. തിരിച്ചുള്ള ടിക്കറ്റ് നിരക്കാകട്ടെ 11,000 രൂപയില്‍ നിന്ന് 30,000 രൂപയ്ക്ക് മുകളിലുമെത്തും.
12,000 രൂപയില്‍ നിന്ന് 32,000 രൂപയിലേക്കാണ് ഷാര്‍ജയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഉയരുന്നത്. തിരിച്ചുള്ള ടിക്കറ്റ് നിരക്ക് 7,500-8,000 രൂപയില്‍ നിന്ന് 35,000-45,000 രൂപ നിരക്കിലാകും. ഡിസംബര്‍ മദ്ധ്യത്തോടെ ടിക്കറ്റ് നിരക്ക് 75,000 രൂപ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
എന്തുകൊണ്ട് തീവില?
ട്രാവല്‍ എജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ആഴ്ചയില്‍ 65,000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. അവധിക്കാലത്ത് യാത്രക്കാര്‍ ഒരുലക്ഷത്തിനും മുകളിലാണ്. ഫലത്തില്‍, ഡിമാന്‍ഡ് മുതലെടുത്ത് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തും.
കൂടുതല്‍ സര്‍വീസുകള്‍ നടത്തിയും കൂടുതല്‍ സീറ്റുള്ള വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയും മാത്രമേ ടിക്കറ്റ് നിരക്കും തിരക്കും കുറയ്ക്കാനാകൂ എന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it