മഴ, വെയില്‍, കാലാവസ്ഥാ വ്യതിയാനം: കോളടിച്ച് കുടക്കമ്പനികള്‍

അല്‍പ്പം വൈകിയെങ്കിലും കാലവര്‍ഷം ശക്തമായതോടെ എല്ലാ വര്‍ഷത്തെയും പോലെ പുതിയ വര്‍ണങ്ങളില്‍ കുടകളു റെയിന്‍കോട്ടുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ പ്രമുഖ കുട നിര്‍മാതാക്കള്‍.

കുടകള്‍ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ വില കൂടിയിട്ടുണ്ട്. 2022 -23 കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന കുടകളുടെ തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചതാണ് ഇതിനു കാരണം. കൂടാതെ നിര്‍മാണ സാമഗ്രികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പൂര്‍ണമായും പിന്‍വലിച്ചതും കുടകളുടെ വില വര്‍ധിക്കാന്‍ ഇടയാക്കി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കുടകള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും തീരുവ വര്‍ധിപ്പിച്ചത്. എന്നാല്‍ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന കുട ശീലകളും നിര്‍മാണസാമഗ്രികളും ഉപയോഗിച്ചാണ് മിക്ക കമ്പനികളും കുടകള്‍ നിര്‍മിക്കുന്നത്.
4,000 കോടി രൂപയുടെ വിപണി
ഇന്ത്യയില്‍ ഒരു വര്‍ഷം വിറ്റഴിയുന്നത് 4,000 കോടി രൂപയുടെ കുടകളാണ്. ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാന രാജ്യത്തെ പ്രധാന വിപണികള്‍. നാലാം സ്ഥാനത്താണ് കേരളം. കേരളത്തില്‍ 500 കോടി രൂപയുടെ കുട വില്‍പ്പനയാണ് വര്‍ഷം നടക്കുന്നത്. കേരള വിപണിയില്‍ പ്രധാന മത്സരം പോപ്പിയും ജോണ്‍സും തമ്മിലാണ്.
കോവിഡിന് ശേഷം വിപണി പൂര്‍വ സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. മഴ ചതിച്ചില്ലെങ്കില്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കുടകള്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് പോപ്പി അംബ്രെല്ല മാര്‍ട്ട് എം.ഡി ഡേവിസ് തയ്യില്‍ അഭിപ്രായപ്പെട്ടു. മഴയത്തു മാത്രമല്ല കഠിനമായ വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കാനും കുടകള്‍ ഉപകരിക്കുമെന്നത് കൊണ്ട് ഇപ്പോള്‍ വേനല്‍ കാലത്തും കുടകള്‍ വിറ്റഴിയുന്നുണ്ടെന്ന് ജോണ്‍സ് അംബ്രെല്ല മാര്‍ട്ട് ഡയറക്ടര്‍ ജോസഫ് തയ്യില്‍ പറഞ്ഞു. ഓണ്‍ലൈന്‍ കച്ചവടവും വര്‍ധിക്കുന്നതായി കുട കമ്പനികള്‍ അവകാശപ്പെട്ടു.
കുഞ്ഞന്‍ കുടകള്‍
മുന്‍വര്‍ഷങ്ങളില്‍ 3 ഫോള്‍ഡ്, 5 ഫോള്‍ഡ് കുടകളാണ് വിപണിയില്‍ പുത്തന്‍ ട്രെന്‍ഡ് സൃഷ്ടിച്ചത്. ഇത്തവണ ചാറ്റ് ചെയ്യുന്ന ചിറ്റ് ചാറ്റ് കുടയാണ് കുട്ടികകളെ ആകര്‍ഷിക്കാന്‍ പോപ്പി അവതരിപ്പിച്ചിരിക്കുന്നത്. ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇഷ്ടമുള്ള സന്ദേശങ്ങള്‍ ടൈപ് ചെയ്ത് കുടയില്‍ പ്രദര്‍ശിപ്പിക്കാം.

Popy Chitachat umbrella
എല്‍.ഇ.ഡി ഡിസ്‌പ്ലേ ഉള്ള ആദ്യ മഴ കോട്ടും പോപ്പി പുറത്തിറക്കിയിട്ടുണ്ട്. ഇത് ഐ.പി 55 സെര്‍ട്ടിഫികേഷന്‍ ഉള്ള ലോകത്തിലെ ഏക മഴ കൊട്ടാണെന്ന് കമ്പനി അവകാശപ്പെട്ടു.നാനോയുടെ കുഞ്ഞന്‍ പതിപ്പാണ് പോപ്പിയുടെ മറ്റൊരു ആകര്‍ഷണം. യാത്ര ചെയ്യുമ്പോള്‍ പോപ്പി നാനോ സൂക്ഷിക്കാന്‍ ബാഗ് ആവശ്യമില്ല, പാന്റിന്റെ പോക്കറ്റില്‍ ഒതുങ്ങുന്ന വിധിത്തിലാണ് നാനോയെ അവതരിപ്പിച്ചിരിക്കുന്നത്.
മിനി എന്ന കുഞ്ഞന്‍ കുടയുമായാണ് ജോണ്‍സും വിപണിയിലിറങ്ങിയിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശക്തമായ കാറ്റിനെ നേരിടാവുന്ന തരത്തിലാണ് മിനി പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ ഹാസ്യ ചലച്ചിത്ര താരം രമേശ് പിഷാരടിയാണ് പരസ്യത്തില്‍ പ്രത്യക്ഷപെടുന്നത്.
പ്രമുഖ കായിക ഉത്പന്നങ്ങളുടെ വിതരണക്കാരായ ഡെക്കാതലോണും കുട വിപണിയില്‍ സജീവമായിട്ടുണ്ട്. കൂടാതെ പതിറ്റാണ്ടുകളായി രംഗത്തുള്ള കൊളമ്പോയും വിപണിയില്‍ കടുത്ത മത്സരം നല്‍കുന്നുണ്ട്.
Related Articles
Next Story
Videos
Share it