

ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 90 രൂപ എന്ന നിര്‍ണായക പരിധി കടന്നത്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാറുകള്‍ എന്നിവയുടെ വിലവര്‍ധനയ്ക്ക് വഴിയൊരുക്കിയേക്കും. അടുത്തിടെ ജി.എസ്.ടി വെട്ടിക്കുറച്ചതു മൂലം ഈ മേഖലയ്ക്ക് വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ച നേടാന്‍ സാധിച്ചിരുന്നെങ്കിലും രൂപയുടെ ഇപ്പോഴത്തെ ഇടിവ് പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.
ഇറക്കുമതി ചെയ്ത ഭാഗങ്ങളെ അല്ലെങ്കില്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന കമ്പനികളൊക്കെ തന്നെ വലിയ ആശങ്കയിലാണ്. സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കുറവിന് ശേഷം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചിട്ടും സര്‍ക്കാരിന്റെ നിരീക്ഷണത്തെ ഭയന്ന് പല കമ്പനികളും വില വര്‍ധിപ്പിക്കാതിരിക്കുകയായിരുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍, മറ്റ് വലിയ വീട്ടുപകരണങ്ങള്‍ എന്നിവയുടെ വില ഡിസംബര്‍-ജനുവരി മാസത്തോടെ മൂന്നു മതല്‍ ഏഴ് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രൂപയുടെ മൂല്യം കുറഞ്ഞതു കാരണം മെമ്മറി ചിപ്പുകള്‍, ചെമ്പ്, മറ്റ് ഘടകങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചത് തടയാനാണ് ഈ നീക്കം. ഈ വിഭാഗങ്ങളിലെ ഉത്പാദനച്ചെലവിന്റെ 30 മുതല്‍ 70 ശതമാനം വരെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളാണ്. കഴിഞ്ഞ നാല് മാസത്തിനിടെ മെമ്മറി ചിപ്പുകളുടെ വില ആറ് തവണയിലധികം വര്‍ധിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യം 85-86 എന്ന നിലയില്‍ തുടരുമെന്ന് അനുമാനിച്ചാണ് ഇന്‍ഡസ്ട്രി ചെലവുകള്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ 90 രൂപയിലേക്കുള്ള കുത്തനെയുള്ള തകര്‍ച്ച എസ്റ്റിമേറ്റുകള്‍ പരിഷ്‌കരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. പല കമ്പനികളും വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചില്ലറ വ്യാപാരികളെ അറിയിച്ചു തുടങ്ങിയിട്ടുമുണ്ട്. ഹാവല്‍സ് എല്‍ഇഡി ടിവികളുടെ വില 3 ശതമാനം വര്‍ധിപ്പിക്കെമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ കണ്ടീഷണറുകള്‍ക്കും റഫ്രിജറേറ്ററുകള്‍ക്കും ഗോദ്റെജ് അപ്ലയന്‍സസ് 5-7% വരെയും വില വര്‍ധിപ്പിക്കും.
ഷിസീഡോ, മാക്, ബോബി ബ്രൗണ്‍, ക്ലിനിക്, ദി ബോഡി ഷോപ്പ് തുടങ്ങിയ ആഗോള ബ്യൂട്ടി ബ്രാന്‍ഡുകളും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.
കാറുകളുടെ വിലയിലും അധികം വൈകാതെ വര്‍ധനയുണ്ടായേക്കും. ചെറുകാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ജിഎസ്ടി 28-31 ശതമാനത്തില്‍ കേന്ദ്രം 18 ശതമാനമായി കുറച്ചതിനെ തുടര്‍ന്ന് പല കമ്പനികളും വില 8.5-9.9 ശതമാനം വരെ കുറച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ മോശം വളര്‍ച്ച കാഴ്ചവച്ച രംഗം അതിനു ശേഷം ഉണര്‍വിലായിരുന്നു. ഒക്ടോബറില്‍ 17 ശതമാനവും നവംബറില്‍ 19 ശതമാനവും വില്‍പ്പന വളര്‍ച്ചയാണ് ഈ മേഖല നേടിയത്. എന്നാല്‍ കറന്‍സിയിലെ ചാഞ്ചാട്ടം ഈ കുതിപ്പിന് വിരാമമിട്ടേക്കും.
ഇന്നലെ ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 90 രൂപകടന്ന് താഴേക്ക് കുതിച്ച രൂപയുടെ മൂല്യം ഇന്ന് 90.41 എന്ന പുതിയ റെക്കോഡിലാണ്. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തി ഡോളര്‍ പിന്‍വലിക്കുന്നതാണ് രൂപയെ മോശമായി ബാധിക്കുന്നത്.
ഡിസംബറിലെ ആദ്യ മൂന്ന് ദിവസം മാത്രം 933 ദശലക്ഷം ഡോളറിന്റെ വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. ഇതിനൊപ്പം ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമമാകാത്തതും ക്രൂഡ് ഓയില്‍ വില ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.
റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടാകാത്തതും രൂപയെ വലയ്ക്കുന്നു. സാധാരണ രൂപ ഇടിവ് നേരിടുമ്പോള്‍ ഡോളര്‍ വിറ്റഴിച്ച് തകര്‍ച്ച നേരിടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പരിമിതമായ ഡോളര്‍ വില്‍പ്പന മാത്രമാണ് നടത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine