യുദ്ധം ഇങ്ങനെ നീണ്ടാല്‍ അടുക്കളയില്‍ മാത്രമല്ല, പറമ്പിലും പ്രശ്‌നം; വ്യവസായങ്ങള്‍ പ്രതിസന്ധിയിലേക്ക്

വിതരണ തടസം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ ഏഷ്യയിലെ ഉല്‍പാദനവും കയറ്റുമതിയും വലിയ പ്രതിസന്ധിയിലാകും
Industry crisis
Industry crisisCanva
Published on

പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന സംഘര്‍ഷം ആഗോള വിതരണ ശൃംഖലകളെ (supply chains) പ്രശ്‌നത്തിലാക്കുന്നതായി മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഏഷ്യയിലെ നിരവധി വ്യവസായ മേഖലകളില്‍ വിതരണ തടസങ്ങളും ഉല്‍പാദന കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

ക്രൂഡ് ഓയില്‍ വില ഇതിനോടകം ഉയര്‍ന്ന സാഹചര്യത്തില്‍, പ്രശ്നത്തിന്റെ ആഘാതം ഊര്‍ജ്ജ മേഖലയിലൊതുങ്ങാതെ വളം, പെട്രോകെമിക്കല്‍ തുടങ്ങിയ വ്യവസായങ്ങളിലേക്കും വ്യാപിക്കാമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നത്. പശ്ചിമേഷ്യയില്‍ നിന്നുള്ള പ്രധാന അസംസ്‌കൃത വസ്തുക്കള്‍, ഊര്‍ജ്ജ വിതരണ സംവിധാനം എന്നിവയെ ഏഷ്യന്‍ രാജ്യങ്ങള്‍ ഏറെ ആശ്രയിക്കുന്നുണ്ട്. പ്രതിസന്ധി നീണ്ടുനില്‍ക്കുമ്പോള്‍ അതിന്റെ ആഘാതം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാനിടയുണ്ട്. വിതരണ തടസം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ ഏഷ്യയിലെ ഉല്‍പാദനവും കയറ്റുമതിയും വലിയ പ്രതിസന്ധിയിലാകും.

വളം, പെട്രോകെമിക്കല്‍ മേഖലകള്‍ക്ക് വലിയ ഭീഷണി

പശ്ചിമേഷ്യയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളിലും ഫീഡ്സ്റ്റോക്കിലും ആശ്രയിക്കുന്ന വളം, പെട്രോകെമിക്കല്‍ വ്യവസായങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യത നേരിടുക. വിതരണ തടസം തുടര്‍ന്നാല്‍ കമ്പനികള്‍ക്ക് ഉല്‍പാദനം കുറയ്‌ക്കേണ്ടി വരുകയോ ഉയര്‍ന്ന വിലയ്ക്ക് മറ്റിടങ്ങളില്‍ നിന്ന് വസ്തുക്കള്‍ കണ്ടെത്തേണ്ടി വരുകയോ ചെയ്യാം.

വളം നിര്‍മാണം പ്രധാനമായും പ്രകൃതി വാതകത്തെ ആശ്രയിക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണത്തില്‍ തടസം ഉണ്ടാകുന്നത് കാര്‍ഷിക മേഖലയിലേക്കും പ്രതിഫലിക്കാമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം പെട്രോകെമിക്കല്‍ മേഖലയിലെ നിരവധി ഉല്‍പന്നങ്ങള്‍ക്കും ക്രൂഡ് ഓയില്‍, നാച്വറല്‍ ഗ്യാസ് എന്നിവയാണ് അടിസ്ഥാന അസംസ്‌കൃത വസ്തുക്കള്‍. പശ്ചിമേഷ്യയില്‍ നിന്നുള്ള വിതരണത്തില്‍ തടസമുണ്ടായാല്‍ പല പ്ലാന്റുകളും കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും.

എല്‍എന്‍ജി വിതരണത്തിലും ആശങ്ക

ക്രൂഡ് ഓയില്‍ വിലയേക്കാള്‍ കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത് എല്‍എന്‍ജി (Liquefied Natural Gas) വിതരണത്തിലെ സാധ്യതയുള്ള തടസ്സങ്ങളാണെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യ, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വ്യവസായ ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പാദനത്തിനും ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയിലാണ് കൂടുതലായി ആശ്രയിക്കുന്നത്. അതിനാല്‍ എല്‍എന്‍ജി വിതരണത്തില്‍ കുറവ് വന്നാല്‍ വളം, കെമിക്കല്‍, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ ഉല്‍പാദനം കുറയുകയോ ചെലവ് കൂടുകയോ ചെയ്യാം.

ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി ഉയര്‍ന്നാല്‍ ഏഷ്യയിലെ എണ്ണ ഇറക്കുമതി ചെലവ് കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയേക്കാള്‍ കൂടുതലാകാന്‍ സാധ്യതയുണ്ട്. ഇത് ഗതാഗതം, നിര്‍മാണം, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലകളിലെ ചെലവുകള്‍ ഉയര്‍ത്തി സമ്പദ്‍വ്യവസ്ഥയില്‍ വ്യാപകമായ പണപ്പെരുപ്പ സമ്മര്‍ദ്ദം സൃഷ്ടിക്കാനിടയുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം എത്രകാലം തുടരുന്നു എന്നതും വ്യാപാര പാതകളും ഊര്‍ജ്ജ വിതരണവും എത്രത്തോളം ബാധിക്കപ്പെടുന്നു എന്നതുമാണ് പ്രതിസന്ധിയുടെ വ്യാപ്തി തീരുമാനിക്കുകയെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com