മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനി ഓഹരി വില്‍പ്പനയ്ക്ക്; ലക്ഷ്യം 1500 കോടി രൂപ സമാഹരിക്കാന്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ കമ്പനികളിലൊന്നായ മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് (Asirvad Micro Finance) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. ഐ.പി.ഒയ്ക്കുള്ള കരടുരേഖ (ഡി.ആര്‍.എച്ച്.പി) ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് സെബിയില്‍ സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 1500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.

ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന ഫണ്ട് കമ്പനിയുടെ മൂലധന ആവശ്യങ്ങള്‍ക്കും ഭാവി ബിസിനസ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. ഐ.പി.ഒയില്‍ 75 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ ആനുപാതികമായി യോഗ്യരായ ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും 10% വരെ വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കിവച്ചിട്ടുണ്ട്.

ഐ.പി.ഒയ്ക്കു മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി വിറ്റഴിക്കുന്നതിലൂടെ 300 കോടി രൂപ വരെ സമാഹരിക്കാനും പദ്ധതിയുണ്ട്. ഇതു നടന്നാല്‍ വിറ്റഴിക്കുന്ന പുതിയ ഓഹരികളുടെ എണ്ണം കുറയ്ക്കും.

പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം

കുറഞ്ഞ വരുമാനമുള്ള സ്ത്രികള്‍ക്ക് മൈക്രോഫിനാന്‍സ് വായ്പകള്‍ ലഭ്യമാക്കുന്നതിലും ബാങ്കിംഗ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സേവനങ്ങളെത്തിക്കുന്നതിലും ആശീര്‍വാദ് മൈക്രോഫിനാന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

2008 ല്‍ എസ്.വി രാജ വൈദ്യനാഥന്‍ സ്ഥാപിച്ച ആശീര്‍വാദ് 2015 ഫെബ്രുവരിയില്‍ 48.63 കോടി രൂപയ്ക്ക് മണപ്പുറം ഏറ്റെടുത്തു. വി.പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനി ആദ്യം വാങ്ങിയ 71% ഓഹരി പിന്നീട് 95 ശതമാനമാക്കി ഉയര്‍ത്തി. ശേഷിക്കുന്ന ഓഹരി സ്ഥാപകന്‍ വൈദ്യനാഥന്റേതാണ്.

കമ്പനിക്ക് ഇന്ന് 22 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1684 ശാഖകളുണ്ട്. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 32.5 ലക്ഷം സജീവ മൈക്രോഫിനാന്‍സ് ഇടപാടുകാര്‍ കമ്പനിക്കുണ്ട്. കമ്പനി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,759 കോടി രൂപ വരുമാനവും 218 കോടി രൂപ ലാഭവും രേഖപ്പെടുത്തി. 2023 മാര്‍ച്ച് വരെ കമ്പനിക്ക് 10,041 കോടി രൂപയുടെ ആസ്തിയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it