
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും (ജി.സി.സി) ബിസിനസുകള്‍ വിഭജിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇതോടെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യം ആസ്റ്റര്‍ ജി.സി.സിയില്‍ 65 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 35 ശതമാനം മൂപ്പന്‍ കുടുംബത്തിനും. കമ്പനിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളില്‍ മൂപ്പന്‍ കുടുംബം 41.88 ശതമാനം ഓഹരി കൈവശം വെയ്ക്കും.
അഫിനിറ്റി ഹോള്‍ഡിംഗ്‌സ് 907.6 മില്യണ്‍ ഡോളര്‍ (7,600 കോടി രൂപ) മൂല്യത്തില്‍ വില്‍പ്പന നടത്തിയതോടെയാണ് ആസ്റ്റര്‍ ജി.സി.സി ബിസിനസിന്റെ വിഭജനം പൂര്‍ത്തിയായത്. ഇന്ത്യയിലെയും ജി.സി.സിയിലെയും ബിസിനസുകള്‍ വിഭജിക്കുന്നതിന് കഴിഞ്ഞ നവംബറില്‍ തീരുമാനമെടുക്കുകയും തുടര്‍ന്ന് കോര്‍പറേറ്റ് അനുമതികള്‍ ലഭിക്കുകയും ചെയ്തിരുന്നു. 2024 ജനുവരിയില്‍ കമ്പനിയുടെ ഓഹരി ഉടമകളും വിഭജന പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.
കമ്പനിയുടെ ഗള്‍ഫ് ബിസിനസ് വിഭജിച്ചത് വഴി ലഭിച്ച തുകയുടെ 70-80 ശതമാനം ലാഭവിഹിതമായി വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 110 രൂപ മുതല്‍ 120 രൂപ വരെ ലാഭവിഹിതം പ്രഖ്യാപിച്ചേക്കും.
വിപുലീകരണ പ്രവർത്തനങ്ങൾ തുടരും
2026-27 സാമ്പത്തിക വര്‍ഷത്തോടെ തിരുവനന്തപുരത്ത് ആസ്റ്റര്‍ ക്യാപിറ്റല്‍, കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് എന്നിവ പൂര്‍ത്തീകരിക്കാനും നിലവിലുള്ള ആശുപത്രികളിലുള്‍പ്പെടെ 1,700 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മൊത്തം കിടക്കകളുടെ എണ്ണം 6600ന് മുകളില്‍ ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃഖലകളിലൊന്നാണ് ഡോ. ആസാദ് മൂപ്പന്‍ സ്ഥാപക ചെയര്‍മാനായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍. 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 223 ഫാര്‍മസികള്‍ കൂടാതെ 224 ലാബുകളും കമ്പനിക്ക് കീഴിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine