Begin typing your search above and press return to search.
ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്‌കെയര്‍ പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു
മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ കൊല്ലം ശാസ്താംകോട്ടയിലെ പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെ(പി.എം.എഫ്) പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. പി.എം.എഫുമായി മേയ് 31 ന് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. 130 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ ഏറ്റെടുക്കുന്നതോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി ശൃംഖലയിലുള്ള ബെഡുകളുടെ എണ്ണം 4,417 ല്‍ നിന്ന് 4,547 ആയി വര്‍ധിക്കും.
പത്മാവതി ആശുപത്രിയുടെ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കരാര്‍ പ്രകാരം ആസ്റ്ററിന്റെ നിയന്ത്രണത്തിനു കീഴിലാകും. ആശുപത്രിയുടെ പ്രതിദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും ആസ്റ്റര്‍ നടത്തും. ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 15 വര്‍ഷത്തേക്കാണ് കരാര്‍. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് പ്രതിമാസം പി.എം.എഫിന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ നിശ്ചിത തുക നല്‍കും. 2006 ഏപ്രിലിലാണ് പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡോ ജി. സുമിത്രന്‍ ചെയര്‍മാനും ഡോ.സ്മിത സുമിത്രന്‍ മാനേജിംഗ് ഡയറക്ടറുമാണ്.
പി.എം.എഫിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ആദ്യ രണ്ടു വര്‍ഷങ്ങളില്‍ അഞ്ച് കോടി രൂപ ആസ്റ്റര്‍ മൂലധനമായി ചെലവഴിക്കും. വലിയ നിക്ഷേപങ്ങള്‍ നടത്താതെ തന്നെ രാജ്യത്ത് 500-700 ബെഡുകള്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ആശുപത്രി ശൃഖലയില്‍ കൂട്ടിചേര്‍ക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
ആസ്റ്ററിന് ഇന്ത്യയില്‍ 17 ആശുപത്രികളും 12 ക്ലിനിക്കുകളും 257 ഫാര്‍മസികളും 205 ലാബുകളുമുണ്ട്. കേരളത്തില്‍ മാത്രം ആറ് ആശുപത്രികളുണ്ട്. തിരുവനന്തപുരത്തും കാസര്‍കോട്ടും പുതിയ ആശുപത്രികളുടെ നിര്‍മാണം നടന്നു വരുന്നു. ഗള്‍ഫ് മേഖലയില്‍ 15 ആശുപത്രികളും 115 ക്ലിനിക്കുകളും 264 ഫാര്‍മസികളുമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം 11,933 കോടി രൂപയാണ് ആസ്റ്ററിന്റെ വരുമാനം.
Next Story
Videos